'പോരാട്ടം ഇരുട്ടിന്റെ കുട്ടികളും വെളിച്ചത്തിന്റെ കുട്ടികളും തമ്മില്‍'; പോസ്റ്റ് പിന്‍വലിച്ച് നെതന്യാഹു
അല്‍ അഹ്‍ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പോസ്റ്റ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഔഫീഷ്യൽ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായത്
ഗസ്സയിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ വിവാദമായ 'ചിൽഡ്രൻ ഓഫ് ഡാർക്‌നസ്' പോസ്റ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പിൻവലിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനും ഹമാസിനുമിടയിലുള്ള യുദ്ധം ഇരുട്ടിന്റെ കുട്ടികളും വെളിച്ചത്തിന്റെ കുട്ടികളും തമ്മിലാണെന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഗസ്സാ സിറ്റിയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേലിന്റ കൊടും ക്രൂരതക്ക് പിന്നാലെ ഈ പോസ്റ്റ് പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായി.
''ഈ പോരാട്ടം ഇരുട്ടിന്റെ കുട്ടികളും വെളിച്ചത്തിന്റെ കുട്ടികളും തമ്മിലുള്ളതാണ്. മനുഷ്യത്വത്തിനും കാട്ടുനിയമത്തിനുമിടയിലുള്ളതാണ്. കിബുത്സ് ബേരിയിലും കിഫാർ ആസയിലും, ഗാസാ മുനമ്പിനോട് ചേർന്നുള്ള മറ്റു പ്രദേശങ്ങളിലും കൊലപാതകികൾ നടത്തിയ ഭീകരതയിൽ നമ്മളതിന് സാക്ഷിയായി''- ഇതായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.
ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേർക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.
ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്കു നേരെയാണ് ഇസ്രായേൽ വ്യോമസേനയുടെ മുന്നറിയിപ്പില്ലാതെയുള്ള ആക്രമണം. ആയിരങ്ങളെ ചികിത്സക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിര. നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്. ഗസ്സ ആക്രമണത്തിന്റെ തുടക്കം മുതൽ ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടിരുന്നു. എല്ലാ യുദ്ധചട്ടങ്ങളും ലംഘിച്ച് ആശുപത്രിക്ക് മേൽ ആക്രമണം ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഗസ്സയിൽ ദുരിതപർവം താണ്ടുന്ന മനുഷ്യർ. പക്ഷേ, സയണിസ്റ്റ് ക്രൂരത അതും തെറ്റിച്ചു. ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കണമെന്ന ആവശ്യം തിരസ്‌കരിച്ചതാണ് ആക്രമണകാരണമെന്നാണ് ആദ്യം സൈന്യം പ്രതികരിച്ചത്. ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലൂടെ നിരവധി 'ഹമാസ് ഭീകരരെ' വധിച്ചതായി ഇസ്രായേൽ ഡിജിറ്റൽ വക്താവ് ഹനാൻയാ നാഫ്തലി എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിലപാട് മാറ്റി. ഗസ്സയിൽ നിന്നുയർന്ന മിസൈൽ ദിശമാറി ആശുപത്രിക്കു മേൽ പതിച്ചതാണെന്നായി പിന്നീട് സൈന്യം. ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്‌ലി അറബ് ആശുപത്രിയെന്നതും ശ്രദ്ധേയമാണ്.
ആശുപത്രി ആക്രമണം വംശീയ ഉൻമൂലനത്തിന്റെ ക്രൂരമായ തുടർച്ചയാണെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. അമേരിക്കയാണ് ഒന്നാം പ്രതിയെന്നും ഹനിയ്യ കുറ്റപ്പെടുത്തി. കുരുതിക്കെതിരെ വൻ പ്രതിഷേധമാണ് അറബ് മുസ്‌ലിം രാജ്യങ്ങളിൽ അലയടിക്കുന്നത്. ജോർദാൻ, ലബനാൻ, തുർക്കി, തുനീഷ്യ എന്നിവിടങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. അമ്മാനിൽ ഇസ്രായേൽ എംബസിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പ്രക്ഷോഭകരെ സുരക്ഷാവിഭാഗം തടഞ്ഞു. തുർക്കി ഇസ്രായേൽ കോൺസുലേറ്റിന് മുന്നിൽ ആയിരങ്ങൾ പ്രകടനം നടത്തി