ഇത് പുതുചരിത്രം; മാർക്സിസ്റ്റ് നേതാവ് അനുര കുമാര ശ്രീലങ്കൻ പ്രസിഡന്റ്
അധികാരത്തിലെത്തുന്ന ആദ്യ ഇടതുപക്ഷ നേതാവാണ് അനുര കുമാര
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെക്ക് വിജയം. ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാണ് മാർക്സിസ്റ്റ് നേതാവായ അനുര കുമാര. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന മാർക്സിസ്റ്റ് നേതാവുകൂടിയാണ് ഇദ്ദേഹം. ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് 55 കാരനായ ദിസനായകെ. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയും 50% വോട്ടുകൾ നേടിയിരുന്നില്ല. എന്നാൽ ശ്രീലങ്കയിലെ നിയമം അനുസരിച്ച് ആർക്കും 50% വോട്ട് നേടാനായില്ലെങ്കിൽ സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണേണ്ടതുണ്ട്. അങ്ങനെ നടത്തിയ വോട്ടെണ്ണലിലാണ് വിജയം കുമാരക്കൊപ്പം നിന്നത്. രണ്ടാം സ്ഥാനത്ത് പ്രതിപക്ഷ നേതാവുകൂടിയായ സജിത് പ്രേംദാസാണ്. താൽക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണുന്നതും ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് നിലനിര്‍ത്തിയിരുന്നു.
വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.
കഴിഞ്ഞ 42 വർഷങ്ങൾക്കിടെ നടന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 2022ൽ അന്നത്തെ ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച നേതാവാണ് കുമാര. നാഷനൽ പീപ്പിൾസ് പവർ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാർട്ടി. കടക്കണിയിൽനിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ദിസനായകെയെ കാത്തിരിക്കുന്നത്.
ഒന്നാം റൗണ്ടില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) നേതാവ് അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി.) നേതാവും മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകളുാണ് നേടാനായത്. അതേസമയം നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ പിടിക്കാനായുള്ളൂ. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്‌സെയ്ക്ക് 2.5 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ. ഇന്നലെ വരെയുള്ള കണക്കില്‍ 57 % വോട്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുന നേതാവ് നേടിയത്.
22 ഇലക്ട്രല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2022ൽ ആയിരക്കണക്കിന് പേർ കൊളംബോയിൽ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്സ രാജിവെക്കുകയുണ്ടായി.