ഒരാൾക്ക് കോവിഡ്; രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ന്യൂസിലാന്റ്
അയൽരാഷ്ട്രമായ ഓസ്‌ട്രേലിയ ആഴ്ചകളായി ഡെൽറ്റ വ്യാപനത്തെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലാണ്
രാജ്യത്ത് ഒരാൾക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസിലാന്റിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സ്ഥിരീകരിച്ചത് വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദമാണെന്നാണ് അനുമാനമെന്നും സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും മൂന്നു ദിവസത്തെ ലെവൽ നാല് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി ജസിന്ത ആർഡേൻ പറഞ്ഞു.
ന്യൂസിലാന്റിലെ വലിയ നഗരമായ ഓക്ക്‌ലാന്റിലാണ് വാക്‌സിൻ സ്വീകരിക്കാത്ത 58 വയസ്സുള്ള പുരുഷന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിരുന്നുവെന്നും അതിർത്തി പ്രദേശങ്ങളിൽ പോയിരുന്നുവെന്നും ആരോഗ്യ ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലുംഫീൽഡ് പറഞ്ഞു. ഓക്ക്‌ലാന്റും ഇയാൾ യാത്ര ചെയ്ത കൊറമണ്ഡൽ ഉപദ്വീപും ഒരാഴ്ചത്തേക്ക് ലെവൽ നാല് ലോക്ക്ഡൗണിലായിരിക്കും.
കർശന വ്യവസ്ഥകളോടെയാണ് ന്യൂസിലാന്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നും സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ കടകളും അടച്ചിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഒടുവിലത്തെ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റെന്നും ഈ സാഹചര്യം നേരിടുന്നതിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുമെന്നും അവർ പറഞ്ഞു.
കൊറോണ വൈറസിനെ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് 50 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന്യൂസിലാന്റ്. 3000-ൽ കുറവാളുകൾക്ക് മാത്രമാണ് ഇവിടെ രോഗം പിടിപെട്ടത്. മരണപ്പെട്ടത് 26 പേർ മാത്രവും. അതിർത്തികൾ അടച്ചിട്ടും പുറത്തുനിന്നെത്തിയവർക്ക് ക്വാറന്റീൻ സൗകര്യങ്ങളൊരുക്കിയുമാണ് ന്യൂസിലാന്റ് കോവിഡിനെ വൻദുരന്തമാകാതെ തടഞ്ഞുനിർത്തിയത്.
നേരത്തെ, കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പ്രകീർത്തിക്കപ്പെട്ട അയൽരാഷ്ട്രം ഓസ്‌ട്രേലിയ ഏതാനും ആഴ്ചകളായി ഡെൽറ്റ വ്യാപനത്തെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലാണ്. ഓസ്‌ട്രേലിയയുടെ ജനസംഖ്യയിൽ പകുതിയും നിലവിൽ ലോക്ക്ഡൗൺ നേരിടുകയാണ്. ജനസംഖ്യ കൂടുതലുള്ള സിഡ്‌നി നഗരം ജൂൺ മുതൽ അടച്ചിട്ടിരിക്കുകയാണ്.