സ്‌കൂൾ ഫീസായി പണം വേണ്ട, മാലിന്യം മതി; കയ്യടി നേടി നൈജീരിയൻ പദ്ധതി

'ആഫ്രിക്കൻ ക്ലീൻ അപ് ഇനീഷ്യേറ്റീവ്' എന്ന സംഘടനയാണ് വ്യത്യസ്തമായ ഈ മാലിന്യനിർമാർജന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്

Update: 2023-06-12 03:41 GMT
Advertising

ലാഗോസ്; നൈജീരിയയിൽ ഒരു സ്വകാര്യ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു ഫവസ് അഡിയോസൺ. നന്നായി പഠിക്കുമായിരുന്നെങ്കിലും ആ വർഷം മുഴുവൻ തികയ്ക്കുന്നതിന് മുമ്പേ ഫവസിനെ സ്‌കൂളിൽ നിന്ന് പറഞ്ഞു വിട്ടു. ഫീസ് അടയ്ക്കാത്തതായിരുന്നു കാരണം.

തുടർന്ന് ഫവസിനെ വീട്ടുകാർ മറ്റൊരു സ്‌കൂളിൽ ചേർത്തു. ഈ സ്‌കൂളിന് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. ഇവിടെ ഫീസ് ആയി പണം കൊടുക്കേണ്ട, പകരം വീട്ടിലുള്ള മാലിന്യം അധികൃതരെ ഏൽപിച്ചാൽ മതി. ഫവസ് താമസിക്കുന്ന അജെജുനൽ തെരുവിലുള്ള മൈ ഡ്രീം സ്റ്റെഡ് എന്ന ഈ സ്‌കൂൾ നൈജീരിയയുടെ നാല്പ്പതോളം വരുന്ന ലോ-കോസ്റ്റ് സ്‌കൂളുകളിലൊന്നാണ്. റീസൈക്കിൾ ചെയ്യാവുന്ന മാലിന്യമാണ് ഈ സ്‌കൂളുകളിൽ കുട്ടികളിൽ നിന്ന് ഈടാക്കുന്ന ഫീസ്.

'ആഫ്രിക്കൻ ക്ലീൻ അപ് ഇനീഷ്യേറ്റീവ്' എന്ന സംഘടനയാണ് വ്യത്യസ്തമായ ഈ മാലിന്യനിർമാർജന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിലധികമായി ഈ സംഘടന സ്‌കൂളുകളിൽ നിന്ന് പുനരുപയോഗം ചെയ്യാവുന്ന മാലിന്യം ശേഖരിക്കുന്നുണ്ട്. ഇവ റീസൈക്കിൾ ചെയ്തു കിട്ടുന്ന പണം ടീച്ചർമാരുടെ ശമ്പളത്തിനായും കുട്ടികളുടെ യൂണിഫോമിനും പുസ്തകങ്ങൾക്കും മറ്റുമായി ഉപയോഗിക്കും.

ഫീസടയ്ക്കാനായില്ല എന്ന കാരണം കൊണ്ട് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനും പരിസ്ഥിതി മാലിന്യ മുക്തമാക്കാനും സംഘടന ആരംഭിച്ച പദ്ധതിക്ക് വലിയ ജനപ്രീതിയാണ് ആഗോളതലത്തിലടക്കം ലഭിക്കുന്നത്. മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് ഇതിനുള്ള പണം ലഭിക്കുക. ഉദ്ദാഹരണത്തിന് വിദ്യാർഥിക്ക് സ്‌കൂൾ സ്‌പോർട്ട്‌സിലേക്കുള്ള യൂണിഫോം ആണ് വേണ്ടതെങ്കിൽ ഇതിനെത്ര തുക ചെലവാകുമോ ആ തുകയ്ക്ക് ആവശ്യമായ മാലിന്യത്തിന്റെ അളവ് സ്‌കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കും. സ്‌കൂളുകളിലെ ഈ പദ്ധതി നിർധനരായ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ്. വീട്ടിൽ മാലിന്യമില്ലെങ്കിൽ ഇവർ പൊതുസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനാൽ ഇവിടെ തെരുവുകളും വൃത്തിയാണ്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News