'ബുർക്കിനി വേണ്ട, ബിക്കിനി മതി'; നിയമം കർശനമാക്കി ഫ്രാൻസ്

ചില മുസ്ലീം സ്ത്രീകള്‍ നീന്തുമ്പോള്‍ ശരീരവും മുടിയും മറയ്ക്കാനായി ഉപയോഗിക്കുന്ന ഓള്‍-ഇന്‍-വണ്‍ നീന്തല്‍ വസ്ത്രമാണ് ബുര്‍ക്കിനി

Update: 2022-05-18 08:18 GMT
Advertising

ഫ്രഞ്ച് നഗരമായ ഗ്രനോബിളില്‍ സര്‍ക്കാര്‍ അധീനതയിലുള്ള നീന്തല്‍ക്കുളങ്ങളില്‍ സ്ത്രീകള്‍ക്ക് ബുര്‍ക്കിനി ധരിച്ച് നീന്താന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മ്മനിന്‍. ചില മുസ്ലീം സ്ത്രീകള്‍ നീന്തുമ്പോള്‍ ശരീരവും മുടിയും മറയ്ക്കാനായി ഉപയോഗിക്കുന്ന ഓള്‍-ഇന്‍-വണ്‍ നീന്തല്‍ വസ്ത്രമാണ് ബുര്‍ക്കിനി. ഇസ്ലാമികതയുടെ പ്രതീകമായും ഫ്രാന്‍സിന്റെ മതേതര പാരമ്പര്യങ്ങളോടുള്ള അവഹേളനമായും കണ്ട് ബുര്‍ക്കിനി പൂര്‍ണ്ണമായും നിരോധിക്കണം എന്നാണ് രാജ്യത്തെ പല വലതുപക്ഷക്കാരുടേയും ഫെമിനിസ്റ്റുകളുടേയും ആവശ്യം.

സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പല നീന്തക്കുളങ്ങളിലും ബുര്‍ക്കിനി നിരോധിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളല്ല ഇതിന് പിന്നിലെന്നാണ് വാദം. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഗ്രനോബിള്‍ നഗരമായ അല്‍പൈനില്‍ നിന്തല്‍ക്കുളങ്ങളില്‍ കുളിക്കുന്നതിനുള്ള നിയമം പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. ഇതിന്‍പ്രകാരം പരമ്പരാഗത നീന്തല്‍ വസ്ത്രങ്ങള്‍ക്കു പുറമെഎല്ലാത്തരം നീന്തല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാനാവാത്ത പ്രകോപനമെന്നാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മ്മനിന്‍ പറഞ്ഞത്. അത് രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നും അത് മറികടക്കാനായി നിയമഭേദഗതി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം അനുസരിച്ച് ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കുക മാത്രമല്ല, പുരുഷന്മാര്‍ക്ക് നീളമുള്ള ഷോര്‍ട്ട്സ് ധരിക്കാനും സ്ത്രീകള്‍ക്ക് ആല്‍പൈന്‍ നഗരത്തിലെ നീന്തല്‍ കുളങ്ങളില്‍ ടോപ്ലെസ് ആയി കുളിക്കാനും കഴിയും.

സിറ്റി കൗണ്‍സിലിലെ ഇടതുപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ഗ്രെനോബിളിന്റെ മേയര്‍ 'എറിക് പിയോള്‍' ആണ് ഈ നീക്കത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഇതില്‍ ശക്തമായ എതിര്‍പ്പാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. ഈ നടപടിയ്ക്ക് സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തീരുമാനം അംഗീകരിക്കുന്നതിന് സിറ്റി കൗണ്‍സില്‍ യോഗത്തില്‍ മതിയായ വോട്ടുകള്‍ ശേഖരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട വാഗ്‌വാദത്തിനൊടുവില്‍ 29 വോട്ടുകള്‍ അനുകൂലമായി ലഭിച്ചു. അതേസമയം 27 പേര്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യമുണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എറിക് പറഞ്ഞു. 'മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ മതം ആചരിക്കാനോ അത് മാറ്റാനോ വിശ്വസിക്കാതിരിക്കാനോ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് നീന്താന്‍ കഴിയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News