'ഗസ്സയിൽ ആക്രമണം നിർത്താതെ ചർച്ചയില്ല'; ഇസ്രായേലിനോട് ഹിസ്ബുല്ല
ദക്ഷിണ ലബനാനിൽ ഇന്നു നടന്ന ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടിരുന്നു
ബെയ്‌റൂത്ത്: ഗസ്സയിൽ ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇസ്രായേലിനോട് ഹിസ്ബുല്ല. ഡെപ്യൂട്ടി ചെർമാൻ ശൈഖ് അലി ദമോഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടിരുന്നു.
നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല പോരാളി അബ്ദുൽ ജലീൽ അലി ഹംസയുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശൈഖ് അലി ദമോഷ്. 'ഓരോ ദിവസം തോറും ഇസ്രായേലിന്റെ ദുരവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. ആക്രമണം തുടരുന്ന കാലം യുദ്ധവും അവസാനിക്കില്ല. ശത്രുക്കൾ കൂടുതൽ തളർന്നുകൊണ്ടിരിക്കുകയാണ്. ഗസ്സയിലും ലബനാനിലും ഇതു തന്നെയാണ് സ്ഥിതി.''-ശൈഖ് അലി ചൂണ്ടിക്കാട്ടി. ആക്രമണം നിർത്താനെ വേറൊരു മാർഗവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ദക്ഷിണ ലബനാനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ മേഖലയിൽ ഹിസ്ബുല്ല ഓപറേഷനുകൾക്കു നേതൃത്വം നൽകുന്ന വിസാം അൽതാവിൽ ആണു കൊല്ലപ്പെട്ടത്.
ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹിസ്ബുല്ല നേതാവാണ് വിസാം. അടുത്തിടെ ഗലീലിയിൽ നടന്ന ഹിസ്ബുല്ല റോക്കറ്റ് ആക്രമണത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഒക്ടോബറിനുശേഷം ഹിസ്ബുല്ലയുടെ 130 പോരാളികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
Summary: ‘No choice but to stop the aggression in Gaza’: Hezbollah to Israel