'അന്താരാഷ്​ട്ര കോടതി ഉൾപ്പെടെ ആര് പറഞ്ഞാലും യുദ്ധത്തിൽ നിന്ന്​ പിന്മാറില്ല':​ നെതന്യാഹു

ഗസ്സ യുദ്ധത്തിന്‍റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ്​ മരണപ്പെട്ടത്

Update: 2024-01-15 00:48 GMT
Editor : Lissy P | By : Web Desk

ബെഞ്ചമിന്‍ നെതന്യാഹു

Advertising

 തെല്‍അവീവ്: കൊല്ലപ്പെട്ടവരുടെഎണ്ണം 24,000 കടന്നിട്ടും യുദ്ധം നിർത്തില്ലെന്ന്​ വ്യക്​തമാക്കി ഇസ്രായേൽ. അന്താരാഷ്​ട്ര കോടതി ഉൾപ്പെടെ ആരുപറഞ്ഞാലും യുദ്ധത്തിൽ നിന്ന്​ പിൻമാറില്ലെന്ന്​ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലക്ഷ്യം നേടുംവ​രെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്​​ട്ര എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. വെസ്​റ്റ്​ ബാങ്കിലും തീ പടർത്താനാണ്​ ഹമാസ്​ നീക്കമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഗസ്സ യുദ്ധത്തിന്‍റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ്​ മരണപ്പെട്ടത്​. ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ​ആക്രമണങ്ങളാണ്​ നടന്നത്​. ​ വെസ്​റ്റ്​ ബാങ്കിലും മൂന്ന്​ പേരെ ഇസ്രായേൽ സുരക്ഷാ സേന കൊലപ്പെടുത്തി.

ഫലസ്​തീൻ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചർച്ചക്ക്​ പ്രസക്തിയില്ലെന്ന്​ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പ്രതികരിച്ചു. തെൽഅവീവ്​​, അഷ്​ദോദ്​ നഗരങ്ങൾക്കു നേരെ അൽഖസ്സാം ബ്രിഗേഡ്​ നിരവധി റോക്കറ്റുകൾ അയച്ചു. ഗസ്സയിൽ ഇസ്രായേൽ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ്​ അൽഖസ്സാം ബ്രിഗേഡ്​ റോക്കറ്റുകൾ തൊടുത്തുവിട്ടത്​. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ 5 ​സൈനികർക്ക്​ പരിക്കേറ്റതായും ഒരു സ്​ത്രീ കൊല്ലപ്പെട്ടതായും ഇസ്രായേൽ സ്​ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്​ബുല്ല കേന്ദ്രങ്ങളിൽ വ്യാപക ബോംബാക്രമണം നടന്നു.

ഹൂതി സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ബോംബാക്രമണം നടത്തിയെന്ന വാർത്ത ഇരു രാജ്യങ്ങളും തള്ളി. ഹൂതികളുമായി കൂടുതൽ ഏറ്റുമുട്ടലിനില്ലെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ പ്രതികരിച്ചു. ഗസ്സ യുദ്ധത്തെ തുടർന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡന്‍റെ ജനപിന്തുണ കുത്തനെ ഇടിഞ്ഞതായി എ.ബി.സി സർവേ. ഒന്നര പതിറ്റാണ്ടിനിടയിൽ ഇത്രമാത്രം ജനപിന്തുണ നഷ്​ടപ്പെട്ട മറ്റൊരു യു.എസ്​ പ്രസിഡൻറ്​ വേറെയില്ലെന്നും സർവേ റിപ്പോർട്ട്​ പറയുന്നു.

ആഭ്യന്തര സമ്മർദം മുറുകിയതോടെ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിലും ഭിന്നത രൂക്ഷമായി. യുദ്ധം നിർത്തി ഹമാസുമായി വലിയൊരു ഉടമ്പടിക്ക്​ തയാറായി ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന്​ മന്ത്രിസഭാംഗം ഗദി ഈസൻകോട്ട്​ ആവശ്യപ്പെട്ടു. ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News