ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് നെതന്യാഹു
ഹമാസിന്‍റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു
തെല്‍ അവിവ്: തെക്കൻ ഗസ്സയിലേക്ക് ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം തുടരുകയാണ്.
നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ ഡ്രൊൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റ ഇവിടേക്ക് ആംബുലൻസ് എത്തുന്നത് അടക്കം സൈന്യം തടഞ്ഞതായി റെഡ് ക്രസന്‍റ് സൊസൈറ്റി അറിയിച്ചു. വെസ്റ്റ് ബാങ്ക്, റാമല്ല എന്നിവിടങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്. അൽ നാസർ ആശുപത്രി, ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റൽ എന്നിവയുടെ പരിസരങ്ങളിൽ തീവ്ര വ്യോമാക്രണമാണുണ്ടായത്. ഇസ്രായേൽ അധിനിവേശ സേന 80 പേരുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കൈമാറിയതായും റിപ്പോർട്ടുണ്ട്. തെക്കൻ ഗസ്സയിൽ 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.
ഇന്നലെ മാത്രം ഗസ്സയിൽ 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതെ സമയം ഹമാസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതുവരെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 164 ആയി. എണ്ണൂറിലധികം സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ്സയുടെ സഹായ കോർഡിനേറ്ററായി നെതർലൻഡ്‌സ് ഉപപ്രധാനമന്ത്രിയായിരുന്ന സിഗ്രിഡ് കാഗിനെ യുണൈറ്റഡ് നേഷൻസ് നിയമിച്ചു. അമേരിക്കയിലുള്ള ഇസ്രായേൽ മന്ത്രി ഡെർമർ, യുഎൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെക്ക് സുല്ലിവനുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് യുഎൻ പ്രത്യേക പ്രതിനിധി പോള ഗൗരിയ പറഞ്ഞു. ഇസ്രായേലിലേക്ക് പുറപ്പെട്ട ഒരു കപ്പലിനെ കൂടി ഹൂത്തികൾ ആക്രമിച്ചു. ചെങ്കടലിൽ ചരക്ക് കപ്പൽ ലക്ഷ്യമാക്കി വന്ന മിസൈലുകൾ തകർത്തതായി അമേരിക്കയും അവകാശപ്പെട്ടു.