'വിദ്യാർഥികൾ തമ്മിൽ തൊടരുത്, പ്രണയിക്കരുത്, ആലിംഗനം പോലുമരുത്'- വിചിത്ര നിയമങ്ങളുമായി ബ്രിട്ടീഷ് സ്കൂള്‍
'കുട്ടികൾ പഠിക്കാനാണ് സ്‌കൂളിലേക്ക് വരുന്നത്. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം. സ്‌കൂളിന് പുറത്ത് മാതാപിതാക്കളുടെ അനുവാദത്തോടെ വിദ്യാർഥികൾക്ക് സൗഹൃദമാവാം'
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌കൂളുകളിൽ പല തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരാറുണ്ട്. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനായി അത്തരം നിയന്ത്രണങ്ങൾ അധ്യാപകരും വിദ്യാർഥികളും പാലിക്കാറുമുണ്ട്. എന്നാൽ ബ്രിട്ടനിലെ ഒരു സ്‌കൂളിൽ നടപ്പിലാക്കിയ നിയമമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
എസെക്സിലെ ഹൈലാൻഡ്സ് സ്‌കൂളിലാണ് ഈ വിചിത്ര നിയമങ്ങൾ നടപ്പിലാക്കിയത്. സ്‌കൂളിൽ ഇനി മുതൽ വിദ്യാർഥികൾ തമ്മിൽ ആലിംഗനം ചെയ്യാനോ പരസ്പരം ഹസ്തദാനം ചെയ്യാനോ പാടില്ല. എന്തിനേറെ ഒന്നു തൊടാനോ പോലും പാടില്ല. വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയബന്ധങ്ങൾ ഉണ്ടെങ്കിൽ അതിനെല്ലാം വിലക്കേർപ്പെടുത്തിക്കൊണ്ടാണ് നിയമം നടപ്പിലാക്കിയത്.
വിദ്യാർഥികൾ തമ്മിലുള്ള ബഹുമാനം വളർത്തിയെടുക്കാനും ഭാവിയിൽ വലിയ നിലയിലെത്താനുമാണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയതെന്നാണ് സ്‌കൂൾ അധികൃരുടെ വാദം. ചില രക്ഷിതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും ഭൂരിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെ പിന്തുണ തങ്ങൾക്കുണ്ട്. കുട്ടികൾ പഠിക്കാനാണ് സ്‌കൂളിലേക്ക് വരുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം. സ്‌കൂളിന് പുറത്ത് മാതാപിതാക്കളുടെ അനുവാദത്തോടെ വിദ്യാർഥികൾക്ക് സൗഹൃദമാവാമെന്നും അധികൃതർ വ്യക്തമാക്കി.
''വിദ്യാർത്ഥികൾ തമ്മിൽ ഒരു തരത്തിലുമുള്ള ശാരീരിക സമ്പർക്കങ്ങൾ ഞങ്ങൾ ഇനിമുതൽ അനുവദിക്കില്ല. അതായത് പരസ്പരം കൈകൊടുക്കുന്നതും തമ്മിൽ കലഹങ്ങളുണ്ടാക്കുന്നതും മറ്റുസമാന പെരുമാറ്റങ്ങളും നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടികൾ. നിങ്ങളുടെ കുട്ടി മറ്റൊരാളുടെ സമ്മതത്തോടെയോ അല്ലാതെയോ സ്പർശിക്കുമ്പോൾ ചില പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ സ്പർശനം ആവശ്യമായേക്കാം. എങ്കിലും അത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ സ്‌കൂളിൽ പ്രണയബന്ധങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.
വിദ്യാർഥികൾ തമ്മിലുള്ള സൗഹൃദം ആജീവനാന്തം നിലനിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ കാമ്പസിന് പുറത്ത് നിങ്ങളുടെ അനുവാദത്തോടെ വിദ്യാർഥികൾക്ക് എല്ലാ തരത്തിലുമുള്ള സൗഹൃദവുമാകാം. പഠിക്കാനാണ് സ്‌കൂളിൽ വരുന്നത്. സ്‌കൂളിൽ വരുമ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതുമാത്രമാണ് ചെയ്യേണ്ടത്.'- സ്‌കൂളിലെ പ്രധാന അധ്യാപൻ രക്ഷിതാക്കള്‍ക്കയച്ച കത്തില്‍ പറയുന്നു.