പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സൈബര്‍ വാറിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി, അമേരിക്കയെവരെ ഞെട്ടിച്ചു; ഒരു ബ്യൂറോ 121 അപാരത

ഒരു തുള്ളി രക്തം പോലും ചീന്താതെ ശത്രുക്കള്‍ക്ക് മാരക പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് സൈബര്‍ അറ്റാക്കിങ്ങ് വിങ്ങ് ആരംഭിക്കാന്‍ ഉത്തരകൊറിയയെ പ്രേരിപ്പിച്ചത്

Update: 2021-08-16 11:03 GMT
Advertising

സ്വകാര്യത എന്ന അവകാശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ലംഘിച്ച് സ്വന്തം ജനത്തെയടക്കം നീരീക്ഷിക്കുന്ന ഒരു രാജ്യം. വിശ്വാസമില്ലാതെ സ്വന്തം ഭരണ വര്‍ഗത്തിലെ അംഗങ്ങളെ നിരീക്ഷിക്കുന്ന ഒരു ഭരണാധികാരി. പ്രതിഷേധിക്കുന്നവരെ രാജ്യദേഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അടിച്ചമര്‍ത്തുന്ന, സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രത്യേക സംഘങ്ങളുളള രാജ്യം. അങ്ങനെയൊരു രാജ്യത്തിന്റെ കഥയാണിത്.


സൈബര്‍ ആക്രമണങ്ങളാണ് ഇന്ന് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഇസ്രായേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതിലേറെയും. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ പ്രക്ഷുപ്തമാക്കിയതുപോലും പെഗാസസ് ചര്‍ച്ചകളാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ഇതിന് ബലം പകരുന്നു. ചാരവൃത്തിക്ക് വേണ്ടിയുള്ള അതിനൂതന മാല്‍വെയര്‍ സോഫ്റ്റ്വെയറാണ് അല്ലെങ്കില്‍ സ്പൈവെയറാണ് പെഗാസസ്. ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ കമ്പനിയാണ് ഈ സ്പൈവെയര്‍ അഥവാ ചാരവലയം വികസിപ്പിച്ചെടുത്തത്.


എന്താണ് ബ്യൂറോ 121?

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സൈബര്‍ വാറിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയ രാജ്യമാണ് കിങ്ങ് ജോങ്ങ് ഉന്നിന്റെ ഉത്തരകൊറിയ. ഒരു തുള്ളി രക്തം പോലും ചീന്താതെ തങ്ങളുടെ ശത്രുക്കള്‍ക്ക് സൈബര്‍ അറ്റാക്ക് വഴി മാരക പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് സൈബര്‍ അറ്റാക്കിങ്ങ് വിങ്ങ് ആരംഭിക്കാന്‍ ഉത്തരകൊറിയയെ പ്രേരിപ്പിച്ചത്. 1998 ലാണ് ഉത്തരകൊറിയ സൈബര്‍ വാര്‍ഫെയര്‍ ഏജന്‍സി ആരംഭിക്കുന്നത്. സൈന്യത്തിന്റെ ഭാഗം തന്നെയായ ബ്യൂറോ 121 ആയിരുന്നു ആ സൈബര്‍ വാര്‍ഫെയര്‍ ഏജന്‍സി. അതിന് മുമ്പും സമാന രീതിയില്‍ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഏജന്‍സിയുടെ രൂപത്തില്‍ ആരംഭിക്കുന്നത് അപ്പോഴാണ്.

തങ്ങളുടെ പ്രധാന ശത്രുക്കളായ ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബ്യൂറോ 121 ന്റെ പ്രധാന പ്രവര്‍ത്തനം. ആയിരത്തിലധികം സൈബര്‍ ഹാക്കിങ് വിദഗ്ധര്‍ ഈ സംഘത്തില്‍ ഉണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. പ്യാങ്യാങ്ങിലെ ഓട്ടോമേഷന്‍ സര്‍വകലാശാലയില്‍ നിന്ന് സാങ്കേതിക വിഷയങ്ങളില്‍ ബിരുദം നേടിയവരെ നേരിട്ട് ബ്യൂറോ 121 ല്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നിയമനം ലഭിക്കുന്നവര്‍ക്ക് ഹാക്കിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണ്.


അമേരിക്കയ്ക്ക് എതിരെയടക്കം ബ്യൂറോ 121 സൈബര്‍ അറ്റാക്ക് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നിന്റെ പ്രവര്‍ത്തനങ്ങളെ കളിയാക്കിക്കൊണ്ട് സെത്ത് റോജന്‍, ഇവാന്‍ഗോള്‍ഡ് ബര്‍ഗ് എന്നിവര്‍ സംവിധാനം ചെയ്ത ദ ഇന്റര്‍വ്യൂ എന്ന ആക്ഷന്‍-കോമഡി ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതില്‍ കലിപൂണ്ട ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പുതിയ ജെയിംസ്ബോണ്ട് ചിത്രത്തിന്റെ തിരക്കഥയുള്‍പ്പെടെ ചോര്‍ത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

പിന്നീട് ദക്ഷിണ കൊറിയക്കെതിരെയും അമേരിക്കക്കെതിരെയും സൈബര്‍ അക്രമണം നടത്തി ഏതാണ്ട് അന്‍പതിനായിരത്തോളം രേഖകളും ചോര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം അമേരിക്കയടക്കം തുടക്കത്തില്‍ നിഷേധിച്ചു. ഉത്തരകൊറിയ പോലൊരു രാജ്യം തങ്ങളെ ആക്രമിക്കുക എന്ന കാര്യം അമേരിക്കയ്ക്ക് വലിയ നാണക്കേടായിരുന്നു.


എന്നാല്‍ തങ്ങളുടെ ശത്രുക്കള്‍ക്ക് നേരെ മാത്രമായിരുന്നില്ല ഉത്തരകൊറിയയുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ക്ക് നേരെയും ഉത്തരകൊറിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പൗരന്മാരുടെ സ്വകാര്യത മാനിക്കാതെയുള്ള ചാരപ്രവര്‍ത്തനങ്ങളാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരകൂടം നടത്തുന്നത്. രാജ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക എന്ന പേരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തനിക്ക് വിശ്വാസമില്ലാത്ത സ്വന്തം ഭരണവര്‍ഗത്തിലെ അംഗങ്ങളെയും കിങ് ജോങ് ഉന്‍ നിരീക്ഷിക്കുന്നുണ്ട്. സൈബര്‍ രംഗം ശക്തമാകുന്നതിന് മുമ്പും പല വഴികളിലൂടെ ഉത്തരകൊറിയ സ്വന്തം പൗരന്മാരെ നിരീക്ഷിച്ചിരുന്നു. മൈക്രോഫോണ്‍ അടക്കം ഉപയോഗിച്ചായിരുന്നു അന്ന് നിരീക്ഷണം നടത്തിയിരുന്നത്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - അക്ഷയ് പേരാവൂർ

contributor

Similar News