'സ്ത്രീകൾ അങ്ങനെ ആരെയും ആകർഷിക്കേണ്ട'; ചുവന്ന ലിപ്സ്റ്റിക് നിരോധിച്ച് ഉത്തരകൊറിയ
ചുവപ്പ് നിറം മുതലാളിത്തത്തോട് ചേർന്ന് നിൽക്കുന്നുവെന്നും ഉത്തര കൊറിയ
പ്യോങ്‌യാങ്: നിരോധനങ്ങൾ ഒരു പുതുമയേ അല്ല ഉത്തരകൊറിയക്കാർക്ക്. ഫാഷൻ, കോസ്‌മെറ്റിക് ബ്രാൻഡുകളാകട്ടെ, ബോഡി പിയേഴ്‌സിങ് ആകട്ടെ നമുക്ക് പറ്റുന്നതല്ലെന്ന് തോന്നിയാൽ അപ്പോ അതങ്ങ് നിരോധിച്ച് കളയും കിം ജോങ് ഉൻ. ഇപ്പോഴിതാ ചുവന്ന നിറത്തിലുള്ള ലിപ്റ്റിക്കും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് കിം.
മുതലാളിത്തത്തിന്റെ അടയാളമാണ് ചുവപ്പ് നിറമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാശ്ചാത്യ രാജ്യങ്ങളെ അധികം കോപ്പി അടിക്കേണ്ട എന്ന് കാട്ടി മിനിമൽ മേക്കപ്പ് മാത്രമേ അല്ലെങ്കിൽ തന്നെ ഉത്തരകൊറിയയിൽ സ്ത്രീകൾക്ക് പറ്റൂ. ഇപ്പോഴിതാ അധികം മേക്കപ്പ് ഇല്ലെങ്കിൽ കൂടി ചുവന്ന ലിപ്സ്റ്റിക്ക് വേണ്ട എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് രാജ്യം.
സ്ത്രീകൾ അത്രയ്ക്കങ്ങ് ആരെയും ആകർഷിക്കേണ്ട എന്നാണ് ചുവന്ന ലിപ്സ്റ്റിക് നിരോധിക്കാൻ ഉത്തരകൊറിയ കണ്ടുപിടിച്ച മറ്റൊരു കാരണം. ചുവന്ന ലിപ്സ്റ്റിക് ഇട്ടാൽ സ്ത്രീകളോട് ഒരു പ്രത്യേക ആകർഷണം തോന്നുമത്രേ. അത് വരാതിരിക്കാൻ ചുവന്ന ലിപ്സ്റ്റിക് പാടേ എടുത്തു കളയാനാണ് കിമ്മിന്റെ ഉത്തരവ്. സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക് ഇടുമ്പോൾ രാജ്യം അംഗീകരിച്ചിരിക്കുന്ന കുലീനതയ്ക്കും മര്യാദയ്ക്കുമൊക്കെ വിരുദ്ധമായി അത് പ്രതിഫലിക്കുമെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.
ചരിത്രപരമായ് ചുവന്ന നിറത്തിന് കമ്മ്യൂണിസവുമായി ബന്ധമുണ്ടെങ്കിലും അത് പ്രതിനിധാനം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് തത്വങ്ങളല്ലെന്നും മുതലാളിത്തമാണെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു.
മുതലാളിത്തത്തോട് ചേർന്ന് നിൽക്കുന്നുവെന്ന് കാട്ടിയാണ് നേരത്തേ സ്‌കിൻഫിറ്റും നീല നിറത്തിലുള്ള ജീൻസും, ബോഡി പിയേഴ്‌സിങ്ങും ഒക്കെ കിം ഉത്തര കൊറിയയിൽ നിരോധിച്ചത്. സ്ത്രീകൾക്ക് മുടി നീട്ടി വളർത്താനും രാജ്യത്ത് അനുവാദമില്ല. ഒരു പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലുകളേ സ്ത്രീ ആയാലും പുരുഷൻ ആയാലും പിന്തുടരാൻ പാടുള്ളൂ.
ഇനി രാജ്യത്ത് അനുമതി ഉള്ള ഹെയർ സ്റ്റൈൽ ആയാലും വസ്ത്രധാരണ രീതി ആയാലും അത് കിം ജോങ് ഉന്നിന്റേതാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം ഉത്തരകൊറിയയിലെ ജനങ്ങൾ. തന്നെയാരും കോപ്പി അടിക്കുന്നത് കിമ്മിനിഷ്ടമല്ല. കിമ്മിന്റേത് പോലെയുള്ള ട്രെഞ്ച് കോട്ടും അദ്ദേഹത്തിന്റെ പുറകോട്ട് ചീകി വച്ച ഹെയർ സ്‌റ്റൈലുമൊന്നും ഉത്തര കൊറിയയിൽ വേറാരും പരീക്ഷിച്ച് പോലും നോക്കില്ല. എങ്ങാനും അതേപോലെ പുറത്തിറങ്ങിയാൽ പിടിച്ച് അകത്തിടാൻ ഫാഷൻ പോലീസ് ഉണ്ടവിടെ. ജയിലിൽ ആയില്ലെങ്കിലും ജീവിതത്തിൽ ഒരിക്കൽ കൂടി ആ സ്‌റ്റൈൽ പരീക്ഷിക്കുന്നത് ഓർക്കാൻ കൂടി പേടിക്കുന്ന തരത്തിൽ പണി തരും ഈ പൊലീസുകാർ.