നോർവേ രാജകുമാരി മാർത്തയും മന്ത്രവാദി ഡ്യുറെകും വിവാഹിതരാകുന്നു
ഡ്യുറകുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം എല്ലാ രാജകുടുംബത്തിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞിരുന്നു
സ്റ്റാവഞ്ചർ: നോർവീജിയൻ രാജാവിന്റെ മൂത്ത പുത്രി മാർത്ത ലൂയിസ് വീണ്ടും വിവാഹിതയാകുന്നു. യുഎസിലെ സ്വയം പ്രഖ്യാപിത മന്ത്രിവാദിയും ബദൽ തെറാപ്പിസ്റ്റുമായ ഡ്യുറെക് വെറെറ്റ് ആണ് വരൻ. ഡ്യുറെകിനെ സ്വീകരിക്കുന്നതിൽ തന്റെ കുടുംബത്തിന് അതിയായ സന്തോഷമുണ്ടെന്ന് ഹെരാൾഡ് അഞ്ചാമൻ രാജാവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അടുത്ത വർഷം ആഗസ്ത് 31നാണ് വിവാഹമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ടു ചെയ്തു.
ഡ്യുററ്റുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം എല്ലാ രാജകുടുംബത്തിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞിരുന്നു. ഡ്യുറെകിനൊപ്പം ബദൽ മരുന്ന് വ്യാപാരത്തിൽ സജീവമാണ് ഇപ്പോൾ. സമാന്തര ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിൽ അറിയപ്പെടുന്നയാളാണ് ഡ്യുറെക്.
2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നോർവീജിയൻ നഗരമായ ഗൈറാൻജറിലായിരിക്കും വിവാഹച്ചടങ്ങുകൾ. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ഡ്യുറെക് 'ആറാം തലമുറ മന്ത്രവാദി' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മരണത്തിൽ നിന്ന് പുനർജനിച്ചയാളാണ് താനെന്നും യുഎസിലെ ലോകവ്യാപാര കേന്ദ്രം ആക്രമണം (9/11) രണ്ടു വർഷം മുമ്പ് പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
തനിക്ക് മാലാഖമാരുമായി ബന്ധമുണ്ടെന്ന മാർത്തയുടെ അവകാശവാദവും നോർവേയിൽ ചർച്ചയായിരുന്നു. തന്റെ സമാന്തര ചികിത്സാ രീതികൾക്ക് രാജപദവി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണവും മാർത്ത നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു രാജപദവിയും മാർത്ത വഹിക്കുന്നില്ലെന്ന നോർവേ റോയൽ ഹൗസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
51 കാരിയായ മാർത്തയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്നു മക്കളുണ്ട്. 2017ലാണ് വിവാഹബന്ധം വേർപ്പെടുത്തിയത്. രണ്ടു വർഷത്തിന് ശേഷം 2019ലെ ക്രിസ്മസ് ദിനത്തിൽ ഭർത്താവായ അറി ബെഹ്ൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹശേഷം ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.