'ബന്ദികളെ മോചിപ്പിക്കാന്‍ വിട്ടുവീഴ്ച ആവശ്യം, സൈനിക ശക്തിയിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാനാവില്ല': യോവ് ഗാലന്റ്
സൈനിക നീക്കം എന്നത് എല്ലാത്തിനുമുള്ള ഉത്തരമല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്
തെൽ അവീവ്: ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാൻ വേദനാജനകമായ വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. സൈനിക ശക്തിയിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കാനാകില്ലെന്നും സൈനിക നീക്കം എന്നത് എല്ലാത്തിനുമുള്ള ഉത്തരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ദികളെ വീടുകളിലെത്തിക്കുക എന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ ചില വേദനാജനകമായ വിട്ടുവീഴ്ചകൾ ആവശ്യമാണ്. ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധം സങ്കീർണ്ണവും അഭൂതപൂർവമായ വെല്ലുവിളികളുമാണെന്ന് പ്രതിരോധ മന്ത്രി സമ്മതിച്ചു.
അതേസമയം ഈ വർഷം ശത്രുക്കളെയെല്ലാം തകർക്കുമെന്ന് പ്രഖ്യാപിച്ച ഗാലന്റ്, വിജയം ഇസ്രായേലിന്റേതായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് എത്തിപ്പെടാനാവാത്ത സ്ഥലങ്ങൾ ഇല്ല. ഒരു ഇടവും നമുക്ക് ദൂരത്തിലല്ല. ഇറാനെതിരായ ആക്രമണം കൃത്യവും വ്യക്തവുമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം ബന്ദികളുടെ ബന്ധുക്കൾ തസപ്പെടുത്തി. അക്രോശിച്ച ബന്ധുക്കൾ ഒരുമിനിറ്റിലേറെ നെതന്യാഹുവിനെ സംസാരിക്കാൻ അനുവദിച്ചില്ല. നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് നെതന്യാഹുവിന് നേരെ ബന്ധുക്കൾ ശബ്ദമുയർത്തിയത്. ഇസ്രായേലിന്റെ സുരക്ഷാ വീഴ്ചയിൽ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയ ഇവർ, ഭരണകൂടത്തിന്റെ വീഴ്ചയാണ് ബന്ദികളുടെ മോചനം വൈകുന്നതിന് കാരണമെന്നും കുറ്റപ്പെടുത്തി.