'സമാധാന കരാറിലെത്താൻ വേണ്ടത്ര ശ്രമിക്കുന്നില്ല': നെതന്യാഹുവിനെ കുറ്റപ്പെടുത്തി ജോ ബൈഡൻ

ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്

Update: 2024-09-03 08:15 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോർക്ക്: ഗസ്സയിലെ വെടിനിര്‍ത്തല്‍- ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കരാറിലെത്താൻ നെതന്യാഹു വേണ്ടത്ര ശ്രമിക്കുന്നില്ലെന്നായിരുന്നു ബൈഡന്റെ കുറ്റപ്പെടുത്തല്‍. വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ബന്ദി മോചനവുമായി ബന്ധപ്പെട്ട അന്തിമ കരാറിന് അടുത്താണ് യു.എസ് എന്നും അത് ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ അമേരിക്കയിൽ പ്രത്യേകിച്ച് ഡെമോക്രാറ്റുകൾക്കിടയിൽ എതിർപ്പ് ഉയരുന്നതിനിടെ ഇസ്രായേലുമായി അകലം പാലിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയിലാണ് വളരെ കുറച്ചെങ്കിലും നെതന്യാഹുവിനെ പരസ്യമായി ബൈഡൻ വിമർശിക്കുന്നത്. ഹമാസുമായി വെടിനിർത്തൽ കരാർ ഉറപ്പിക്കാൻ നെതന്യാഹു വേണ്ടത്ര ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു. 

ഈ പ്രസ്താവനക്ക് ശേഷം അദ്ദേഹം ബന്ദി മോചന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന യു.എസ് ടീമുമായി സംസാരിക്കുകയും ചെയ്തു. ടീമിൽ നിന്നും കരാർ സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തിന് ലഭിച്ചെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. അമേരിക്കൻ പൗരൻ ഉൾപ്പെടെ ആറ് ഇസ്രായേലി തടവുകാരെ ഗസ്സയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് വെടിനിർത്തലിലെത്താനുള്ള ശ്രമം യു.എസ് ശക്തിപ്പെടുത്തുന്നത്. 

അതേസമയം ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത് . രാജ്യത്തെ പ്രധാന ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്കും നടത്തി. പണിമുടക്ക് വൈകിട്ട് അവസാനിപ്പിക്കണമെന്ന് ലേബർ കോടതി ഉത്തരവിട്ടെങ്കിലും പ്രതിഷേധക്കാർ ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ രോഷ പ്രകടനം തുടരുകയായിരുന്നു. 

ഇതിനിടയിലും ഗസ്സയിലെ ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. 40,700ലധികം ഫലസ്തീനികളെയാണ് ഇതിനകം അധിനിവേശ സേന കൊന്നൊടുക്കിയത്. ഗസ്സയില്‍ ഇപ്പോഴും ഉപരോധവും നിരന്തര ബോംബാക്രമണവും നടത്തുകയാണ് അവര്‍.

അതേസമയം, ഹമാസിനുമേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തണമെന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. നൂറിലധികം ബന്ദികൾ ഇപ്പോഴും ഗസ്സയിലുണ്ടെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. അവരിൽ ചിലർ ഇതിനകം തന്നെ കൊല്ലപ്പെട്ടെന്നും ഇസ്രായേല്‍ കരുതുന്നു. എന്നാല്‍  ഇസ്രായേലിന്റെ ആക്രമണത്തിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടത് എന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News