സ്കൂള്‍ ഫണ്ടില്‍ നിന്നും കോടികള്‍ മോഷ്ടിച്ച് ചൂതാട്ടവും ആഡംബര ജീവിതവും; കാലിഫോര്‍ണിയയില്‍ 80കാരിയായ കന്യാസ്ത്രീ പിടിയില്‍

ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു റോമൻ കാത്തലിക് എലിമെന്‍ററി സ്കൂളിന്‍റെ പ്രിൻസിപ്പലാണ് മേരി

Update: 2022-02-08 03:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാലിഫോര്‍ണിയയില്‍ ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി സ്കൂള്‍ ഫണ്ടില്‍ നിന്നും 800,000 ഡോളര്‍ (5,97,13,200 രൂപ) മോഷ്ടിച്ച കന്യാസ്ത്രീയെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. 80കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറാണ് തിങ്കളാഴ്ച അഴിക്കുള്ളിലായത്.

ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു റോമൻ കാത്തലിക് എലിമെന്‍ററി സ്കൂളിന്‍റെ പ്രിൻസിപ്പലാണ് മേരി. ലാസ് വെഗാസിലെ ചൂതാട്ടത്തിനു വേണ്ടി 835,000 ഡോളര്‍ സ്കൂൾ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിക്കുകയായിരുന്നു. തഹോ തടാകം പോലെയുള്ള മനോഹരമായ റിസോർട്ടുകളിലേക്ക് ആഡംബര യാത്രകൾ നടത്താനും മേരി തട്ടിയെടുത്ത പണം വിനിയോഗിച്ചു. "ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എനിക്കൊന്നും പറയാനില്ല" കുറ്റം സമ്മതിച്ച ക്രൂപ്പർ കോടതിയോട് പറഞ്ഞതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. "എന്‍റെ നേർച്ചകൾ, കൽപനകൾ, നിയമം, എല്ലാറ്റിനുമുപരിയായി പലരും എന്നിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്‍റെ ലംഘനമാണ്" മേരി പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതും കള്ളപ്പണം വെളുപ്പിക്കലും മേരി ക്രൂപ്പർ സമ്മതിച്ചിരുന്നു.

ട്യൂഷനും ചാരിറ്റബിൾ സംഭാവനകളും നൽകുന്നതിനായി സ്കൂളിലേക്ക് അയച്ച പണം ക്രൂപ്പർ നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകളിലേക്ക് എങ്ങനെയാണ് ഒഴുകിയതെന്ന് കോടതി ചോദിച്ചു. തട്ടിപ്പിനെക്കുറിച്ച് ഒരു ഓഡിറ്റര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ രേഖകള്‍ നശിപ്പിക്കാന്‍ ജീവനക്കാരോട് ക്രൂപ്പര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുരോഹിതന്മാർക്ക് കന്യാസ്ത്രീകളെക്കാൾ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും താൻ ശമ്പളവർധന അർഹിക്കുന്നുവെന്നും ലോസ് ആഞ്ചലസ് അതിരൂപതയോട് ക്രൂപ്പർ ആവശ്യപ്പെട്ടതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂപ്പര്‍ ചൂതാട്ടത്തിന് അടിമയാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇതു കാരണമൊന്നുമല്ലെന്നും കുറ്റത്തില്‍ ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു നല്ല അധ്യാപികയായിരുന്നു ക്രൂപ്പറെന്ന് ജില്ലാ ജഡ്ജി ഓട്ടിസ് ഡി. റൈറ്റ് പറഞ്ഞു. 12 മാസവും ഒരു ദിവസവും ക്രൂപ്പര്‍ തടവില്‍ കഴിയേണ്ടി വരും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News