പൗരത്വം ജന്മാവകാശമല്ല; ട്രംപിന്റെ നയത്തിൽ ആശങ്കയിലായി അമേരിക്കൻ ഇന്ത്യക്കാർ
യുഎസിൽ ജനിച്ചാൽ സ്വാഭാവിക പൗരത്വം ലഭിക്കുന്ന അവകാശം ഒഴിവാക്കാൻ ട്രംപ്
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വൻ ആശങ്കയിലായി കുടിയേറ്റക്കാർ. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാൻസിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തിൽ തന്നെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നു.
ഒരു രാജ്യത്ത് ജനിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് സ്വാഭാവിക പൗരത്വം ലഭ്യമാകുന്നത്. താൻ ജനിച്ച രാജ്യത്തെ പൗരനാകണോ തന്റെ മാതാപിതാക്കളുടെ രാജ്യത്തെ പൗരനാകണോ എന്ന് ആ വ്യക്തിക്ക് പിന്നീട് തന്റെ ഏത് പ്രായത്തിലും തീരുമാനിക്കാവുന്നതാണ്.
സ്വാഭാവിക പൗരത്വത്തിനെതിരാണ് ഡൊണാൾഡ് ട്രംപ്. താൻ സത്യപ്രതിജ്ഞ ഒന്നാം ദിവസം തന്നെ സ്വാഭാവിക പൗരത്വത്തിനെതിരെ നടപടിയെടുക്കുമെന്ന് ജെഡി വെൻസ് പറഞ്ഞിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായേക്കാവുന്ന വിഷയവും ഇത് തന്നെയാണ്.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാം ദിനം അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി താൻ ആരംഭിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു.
യുഎസ് ഇമിഗ്രേഷൻ നടപടികളിൽ വൻ മാറ്റങ്ങൾ ആസൂത്രണം ചെയ്യാൻ പോവുന്ന ട്രംപ് കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നീങ്ങുക മാത്രമല്ല നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യും.
'കുടിയേറ്റക്കാരുടെ ഭാവിയിലെ കുട്ടികൾ സ്വാഭാവികമായി യുഎസ് പൗരന്മാരാകുന്നതിന് കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകും' എന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപെയിനിന്റെ ഔദ്യോഗിക സൈറ്റിലുള്ളത്.
ഭാവിയിൽ യുഎസിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികൾക്ക് ഇതോടെ സ്വാഭാവികമായ പൗരത്വത്തിന് ഇനി അവസരമുണ്ടാവില്ല.
അനൗദ്യോഗിക കണക്കുകൾ പ്രകാരം 2023 ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലധിഷ്ടിതമായ ഗ്രീൻ കാർഡ് ബാക്ക്‌ലോഗ് പത്ത് ലക്ഷമാണ് കടന്നിരിക്കുന്നത്. ഗ്രീൻ കാർഡിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 50 വർഷമാണ്.
ഇതിനർഥം യുഎസിലേക്ക് പഠനത്തിനും തൊഴിലിനുമായി കുടിയേറിയ ഇന്ത്യക്കാർ പൗരത്വം കിട്ടുന്നതിന് മുൻപ് മരണപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. കുടിയേറ്റക്കാരുടെ കുട്ടികൾ നിയമപരവും അനുവദനീയവുമായ 21 വയസ് മറികടന്ന് യുഎസിൽ നിൽക്കാനാവുക സ്റ്റുഡന്റ് വിസ അനുദിച്ചത് പോലെയാവും. ഈ കാലഘട്ടത്തിനപ്പുറം വിസയില്ലാതെ താമസിച്ചാൽ ഇവർ അനധികൃത കുടിയേറ്റക്കാരാവും.
യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയുടെ സെക്ഷൻ 1 പ്രകാരം യുഎസിൽ ജനിച്ചവർ ജന്മനാ യുഎസിന്റെയും അവരുള്ള സംസ്ഥാനത്തിന്റെയും പൗരത്വത്തിന് അർഹരാണ്.
അമേരിക്കൻ പൗരരുടെ വ്യക്തിത്വത്തിനും സ്വാതന്ത്രത്തിനും സ്വത്തിനും പൗരത്വത്തിനുമെതിരായി ഒരു സംസ്ഥാനവും ഒരു നിയമവും പുറപ്പെടുവിക്കാൻ പാടില്ല, രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യമായ സംരക്ഷണം ഒരുക്കണം.
ട്രംപിന്റെ പൗരത്വത്തിനെതിരായ തീരുമാനം ഈ ഭേദഗതിക്കെതിരായിരിക്കും.
ഭേദഗതി തനിക്കനുകൂലമാക്കാൻ ട്രംപ് കനത്ത പദ്ധതി തന്നെ നടപ്പിലാക്കേണ്ടതായി വരും. കോടതികൾ ട്രംപിന്റെ നയം ഭരണഘടനാവിരുദ്ധമെന്ന് കണ്ടാൽ സ്വമേധയാ നടപടിയെടുക്കാനും സാധ്യത കൂടുതലാണ്.
2022ലെ യുഎസ് സെൻസെസ് പ്രകാരം 4.8 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ പൗരന്മാരായിട്ടുള്ളത്. ഇതിൽ 1.6 ദശലക്ഷം പേരും ജനിച്ച് സ്വാഭാവിക പൗരത്വം നേടിയവരാണ്.
ഇന്ത്യക്കാർക്ക് പുറമേ ഒട്ടനേകം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ആശങ്കയിലായിരിക്കുകയാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ് അമേരിക്കയിലേക്ക് ഏറ്റവുധികം കുടിയേറ്റം നടക്കുന്നത്. നിലവിൽ അമ്പത് ദശലക്ഷത്തിനടുത്ത് ആളുകൾ അമേരിക്കയിൽ പൗരത്വമില്ലാതെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.