യുക്രൈനിൽ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിട്ടു; രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന്
വടക്കുകിഴക്കൻ ഖാർകിവിലും കിയവിലും വലിയ രീതിയിൽ ആക്രമണം തുടരുന്നുണ്ട്
യുക്രൈനിൽ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിട്ടു.കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യയുടെ ആക്രമണം യുക്രൈനിൽതുടങ്ങിയത്. രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് ബെലൂറുസിൽ നടക്കും. ഇപ്പോൾ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് റഷ്യൻ ആക്രമണം. യുക്രൈൻ നഗരമായ കെർസൺ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ റഷ്യൻ സേന വലിയ അധിനിവേശമാണ് യുക്രൈനിൽ നടത്തിയത്. മരിയുപോളിൽ കനത്ത ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ 14 മണിക്കൂറാണ് മരിയുപോളിൽ ആക്രമണം നടക്കുന്നത്.
വടക്കുകിഴക്കൻ ഖാർകിവിലും കിയവിലും വലിയ രീതിയിൽ ആക്രമണം തുടരുന്നുണ്ട്. ഖാർകിവ് വിട്ടുകൊടുക്കില്ലെന്ന് മേയർ ആവർത്തിക്കുകയാണ്. പല നഗരങ്ങളിലും വെള്ളം,വൈദ്യുതി തുടങ്ങിയവ നിലച്ചിരിക്കുകയാണ്. സൈനിക ആശുപത്രികളടക്കം റഷ്യ തകർത്തു. 60 കിലോമീറ്റർ നീളമുള്ള സൈനിക വാഹനവ്യൂഹം ഇപ്പോഴും തലസ്ഥാനമായ കിയവിനടുത്തുണ്ട്. എന്നാൽ കിയവിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ റഷ്യക്കായില്ലെന്ന് യുഎസ് പ്രതിരോധമന്ത്രാലയം പറയുന്നു.
227 പൗരന്മാരാണ് യുക്രൈനിൽ കൊല്ലപ്പെട്ടതെന്ന് യു.എൻ വ്യക്തമാക്കി. 498സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യയും സ്ഥിരീകരിച്ചു.9 ലക്ഷത്തോളം പേരാണ് യുക്രൈനിൽ നിന്ന് ഇതുവരെ പലായനം ചെയ്തിരിക്കുന്നത്. ഡോൺബാസിനെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സൈനിക നടപടിയെക്കുറിച്ച് വ്ളാഡിമിർ പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ചർച്ച ചെയ്തു.