ഹമാസിന് മുട്ട പൊരിക്കാൻ പോലുമുള്ള ശേഷിയില്ലെന്ന് ഇസ്രായേൽ, ടാങ്കുകളെ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ് തങ്ങളെന്ന് ഹമാസ്
ഹമാസ് നേതാക്കളെ കുറിച്ച് വിവരം നൽകാൻ ആവശ്യപ്പെട്ടുള്ള ലഘുലേഖയ്ക്ക് എതിരെയാണ് പരിഹാസം
ഗസ്സ സിറ്റി: ഹമാസ് നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് ഇസ്രായേൽ സേന വിതരണം ചെയ്ത ലഘുലേഖയ്ക്ക് പരിഹാസം. ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു, അവർക്ക് ഒരു മുട്ട പൊരിക്കാൻ പോലുമുള്ള കഴിവില്ല തുടങ്ങിയ വാചകങ്ങളാണ് ട്രോളിന് ഇരയായത്. മുട്ട പൊരിക്കാൻ നേരമില്ലെന്നും തങ്ങൾ ടാങ്കുകൾ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ് എന്നുമാണ് ഹമാസ് വക്താവ് ഇതോട് പ്രതികരിച്ചത്.
'ഗസ്സയിലെ ജനങ്ങളേ, ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് ഒരു മുട്ട പൊരിക്കാൻ പോലുമുള്ള ശക്തിയില്ല. ഹമാസിന്റെ അന്ത്യം അടുത്തു കഴിഞ്ഞു. നിങ്ങളുടെ ഭാവി മുൻനിർത്തി, ഗസ്സ മുനമ്പിൽ നശീകരണവും നാശവും കൊണ്ടുവന്ന വ്യക്തികളെ പിടിക്കാൻ വിവരങ്ങൾ കൈമാറണം. അർഹമായ പ്രതിഫലം നൽകപ്പെടും' എന്നാണ് ലഘുലേഖയിൽ പറയുന്നത്. നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലവും വിശദീകരിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് യഹ്‌യ സിൻവാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് നാലു ലക്ഷം ഡോളറാണ് പ്രതിഫലം. സഹോദരൻ മുഹമ്മദ് സിൻവാറിനെ കുറിച്ചുള്ള വിവരത്തിന് മൂന്നു ലക്ഷം യുഎസ് ഡോളർ. ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫിഅ് സലാമയ്ക്ക് രണ്ടു ലക്ഷം ഡോളറും ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിന് ഒരു ലക്ഷം ഡോളറും വിലയിട്ടിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും ലഘുലേഖ പറയുന്നു. നമ്പറും ചേർത്തിട്ടുണ്ട്.
ലഘുലേഖയെ പരിഹസിച്ച് രംഗത്തെത്തിയ ഹമാസ് നേതാവ് ഇസ്സത്ത് റിഷ്ഖ്, 'ഞങ്ങൾക്ക് മുട്ട പൊരിക്കാൻ നേരമില്ല. ഞങ്ങളുടെ പ്രതിരോധ സേന നിങ്ങളുടെ മെർകവ ടാങ്കുകൾ ചുട്ടെടുക്കുന്ന തിരക്കിലാണ്' എന്നാണ് പ്രതികരിച്ചത്.
ഗസ്സയിലെ ഫലസ്തീൻ ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി പരിഹാസ രൂപേണ എഴുതിയത് ഇങ്ങനെ; 'പരിഭാഷ: അഭിമാനമുള്ള ജനതയേ, ഇസ്രായേലിന് അവരുടെ ആൾക്കാരെ നഷ്ടപ്പെട്ടിരിക്കുന്നു. 70 ദിവസത്തെ കൊലയ്ക്കും അടിച്ചമർത്തലിനും ശേഷവും അവർക്ക് ഒരു ബന്ദിയെ പോലും മോചിപ്പിക്കാനായിട്ടില്ല. ഇസ്രായേലിന്റെ അന്ത്യം അടുത്തിരിക്കുന്നു.'
ഗസ്സയിലെ ആക്രമണം 70 ദിവസം പിന്നിട്ടിട്ടും ഹമാസ് നേതാക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇസ്രായേൽ ലഘുലേഖ വിതരണം ചെയ്തത്. ഇസ്രായേലിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ പോരായ്മ ആയി ഇത് വിലയിരുത്തപ്പെടുന്നു.
അതിനിടെ, യഹ്‌യ സിൻവാറിനെ ഉടൻ വകവരുത്തുമെന്ന് യുഎസ് അവകാശപ്പെട്ടു. 'യഹ്‌യ സിൻവറിന്റെ നാളുകൾ എണ്ണപ്പെട്ടു' എന്നാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞത്. സിൻവറിന്റെ കൈയിൽ അമേരിക്കൻ രക്തം പുരണ്ടിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.