നൈജീരിയയിൽ അനധികൃത എണ്ണ ശുദ്ധീകരണശാലയിൽ പൊട്ടിത്തെറി; നൂറിലധികം പേർ കൊല്ലപ്പെട്ടു

സ്‌ഫോടനത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല

Update: 2022-04-24 02:34 GMT
Editor : Lissy P | By : Web Desk
Advertising

നൈജീരിയ: തെക്കൻ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആളപായത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

'തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിരവധി മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ചിലർ മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നുവെന്നും ' യൂത്ത്‌സ് ആൻഡ് എൻവയോൺമെന്റൽ അഡ്വക്കസി സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈൻഫേസ് ഡുംനെമെൻ പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു.'റിവേഴ്‌സിനും ഇമോ സ്റ്റേറ്റിനുമിടയിലുള്ള അതിർത്തിയിലാണ് സ്‌ഫോടനം നടന്നതെന്ന് റിവർസ് സ്റ്റേറ്റ് പൊലീസ് വക്താവ് ഗ്രേസ് ഇറിംഗെ-കൊക്കോ എഎഫ്പിയോട് പറഞ്ഞു. എന്നാൽ സ്‌ഫോടനത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.

ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കൻ മേഖലയിൽ അനധികൃത എണ്ണശുദ്ധീകരണം സാധാരണ കാഴ്ചയാണ്. പ്രതിദിനം രണ്ടുമില്യൻ ബാരൽ എണ്ണ വരെ ശുദ്ധീകരിക്കുന്ന, ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരാണെങ്കിലും നൈജീരിയയിലെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും  പൈപ്പ് ലൈനുകൾ നശിപ്പിച്ച് പെട്രോൾ ഊറ്റി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതും പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. മുമ്പും ഇത്തരത്തിൽ അനധികൃത ശുദ്ധീകരണ ശാലകളിൽ പൊട്ടിത്തെറികളുണ്ടാകുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ എണ്ണ സമ്പത്ത് മോഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നൈജർ ഡെൽറ്റയിലെ അനധികൃത എണ്ണശുദ്ധീകരണ ശാലകൾ റെയ്ഡ് ചെയ്ത് നശിപ്പിക്കാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News