പേജർ സ്ഫോടനത്തിനു പിന്നിൽ ഒമ്പത് വർഷത്തെ ആസൂത്രണം: റിപ്പോർട്ട്
പദ്ധതിയുടെ ആദ്യ ഘട്ടം മൊസാദ് 2015ൽ ആരംഭിച്ചതായി റിപ്പോർട്ട്
തെൽ അവീവ്: ആയിരക്കണക്കിന് പേജറുകളും വാക്കിടോക്കികളുമാണ് കഴിഞ്ഞ മാസം ലബനാനിൽ പൊട്ടിത്തെറിച്ചത്. ഇരു സ്ഫോടനങ്ങളിലുമായി 30ലധികം പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ദക്ഷിണ ലബനാൻ, ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങൾ, കിഴക്കൻ ബേക്കാ താഴ്വര എന്നിവിടങ്ങളിലാണ് പേജർ പൊട്ടിത്തെറിക്കുന്നത്. എന്നാൽ വർഷങ്ങളായി ഇസ്രായേൽ നടത്തുന്ന ആസൂത്രണത്തിൻ്റെ ഭാഗമായിരുന്നു ഈ ആക്രമണം എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉപകരണങ്ങൾ രഹസ്യമായി ലെബനനിലേക്ക് അവതരിപ്പിച്ചുകൊണ്ട്, പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലി ചാരസംഘടനയായ മൊസാദ്, 2015ൽ ആരംഭിച്ചതായി വാഷിങ്ടൺ പോസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
'കെണിയൊരുക്കിയ വാക്കി-ടോക്കികൾ ഏകദേശം ഒരു ദശാബ്ദം മുമ്പ് മൊസാദ് ലെബനനിലേക്കെത്തിച്ചതാണ് പദ്ധതിയുടെ ആദ്യ ഭാഗം. ഈ വാക്കിടോക്കികളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നു. അതോടൊപ്പം ഹിസ്ബുല്ലയുടെ ആശയവിനിയത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്ന ഒരു ട്രാൻസ്മിഷൻ സംവിധാനവും ഇതിലടങ്ങിയിരുന്നു. ഒമ്പത് വർഷക്കാലം, ഇസ്രായേൽ ഹിസ്ബുല്ലയുടെ രഹസ്യങ്ങൾ കേട്ടു. ഭാവിയിൽ വാക്കി-ടോക്കികളെ ബോംബുകളാക്കി മാറ്റാനുള്ള ഓപ്ഷൻ നിലനിർത്തിക്കൊണ്ടായിരുന്നു ഇത്. അപ്പോഴാണ് ശക്തമായ സ്ഫോടകവസ്തു ഘടിപ്പിച്ച പേജറുകളുടെ വരവ്.
പേജർ സ്ഫോടനത്തിനുള്ള പദ്ധതി 2022ലാണ് ഉയർന്നുവന്നത്. അപ്പോളോ AR924 പേജറുകളുടെ പ്രാഥമിക വിവരവും ഹിസ്ബുല്ലയ്ക്ക് ലഭിച്ചത് രണ്ട് വർഷം മുൻപാണ്. അപ്പോളോ കമ്പനിയുമായി ബന്ധമുള്ള ഹിസ്ബുല്ലയുടെ വിശ്വസ്ത മാർക്കറ്റിംഗ് ഉദ്യോഗസ്ഥയാണ് ഇതുമായെത്തിയത്.'- മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2022 മുതൽ ഹിസ്ബുല്ല ലബനാനിലേക്ക് പേജറുകൾ കൊണ്ടുവരുന്നുണ്ട്. അപ്പോഴെല്ലാം വലിയ പരിശോധനകളാണ് നടത്തിയത്. എയർപോർട്ടിൽവെച്ചെല്ലാം ഇത് പരിശോധിക്കാറുണ്ട്. എന്നാൽ, ഇതിലൊന്നും സ്ഫോടക വസ്തു കണ്ടെത്താൻ സാധിച്ചില്ല.
പേജറുകൾക്കായി തായ്‌വാൻ കമ്പനിയെ തെരഞ്ഞെടുത്തതും നിർണായകമായിരുന്നു. പേജർ നൽകുന്ന കമ്പനിക്ക് ഇസ്രായേലി ബന്ധമില്ലെന്ന് ഹിസ്ബുല്ല ഉറപ്പുവരുത്തിയിരുന്നു. തായ്‌വാനീസ് കമ്പനിയായ അപ്പോളോയ്ക്ക് ഇസ്രായേലി അല്ലെങ്കിൽ ജൂത താൽപ്പര്യങ്ങളുമായി പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.- റിപ്പോർട്ടിൽ പറയുന്നു.
'പേജർ പൊട്ടിച്ചുനോക്കിയാൽ പോലും കണ്ടെത്താനാകാത്ത വിധം വളരെ ശ്രദ്ധയോടെയാണ് ബോംബ് മറച്ചത്. ഹിസ്ബുല്ല പേജറുകളുടെ എക്സ്-റേ ചെയ്തിരിക്കാമെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. സെപ്തംബർ 12 വരെ ഇസ്രായേലിലെ മിക്ക ഉന്നത ഉദ്യോഗസ്ഥർക്കും സ്ഫോടനത്തിൻ്റെ വ്യപ്തിയെക്കുറിച്ച് അറിയിമായിരുന്നില്ല. അന്നാണ് ഹിസ്ബുല്ലക്കെതിരായ ആക്രമണം ചർച്ച ചെയ്യാനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ രഹസ്യാന്വേഷണ ഉപദേഷ്ടാക്കളെ യോഗത്തിന് വിളിച്ചത്.'- ഇസ്രായേൽ അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. പേജർ സ്ഫോടനത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിവില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചപ്പോൾ വാക്കിടോക്കി സ്ഫോടനത്തിൽ 25 പേരാണ് മരിച്ചത്. പേജറുകളേക്കാൾ കൂടുതൽ സ്ഫോടക വസ്തുക്കൾ വാക്കി-ടോക്കിയിൽ ഉണ്ടെന്നാണ് ഇത് അർഥമാക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.