പാക് തെരഞ്ഞെടുപ്പ്: 48 മണിക്കൂർ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നു
തെഹ്രീകെ ഇൻസാഫിന്റെ ജയം പ്രഖ്യാപിച്ച് ഇംറാൻ ഖാന്റെ എ.ഐ സന്ദേശം
പാകിസ്താൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നു. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ഇംറാൻ ഖാന്റെ തെഹ്രീകെ ഇൻസാഫിന്റെ സ്വതന്ത്ര സ്ഥാനാർഥികൾ 93 മണ്ഡലങ്ങളിൽ ജയിച്ചു. 74 സീറ്റ് നേടിയ നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‍ലിംലീഗ് സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങി.
പോളിങ്ങ് അവസാനിച്ച് 48 മണിക്കൂർ പിന്നിട്ടിട്ടും പാകിസ്താനിൽ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടന്ന 265 ൽ 253 മണ്ഡലങ്ങളിലെ ഫലമാണ് പുറത്തുവന്നത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 93 ഇടത്ത് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ സ്വതന്ത്രർക്കാണ് ജയം. നവാസ് ശരീഫിന്റെ പാക്കിസ്താൻ മുസ്‍ലിം ലീഗിന് നേടാനായത് 74 സീറ്റ് മാത്രമാണ്. ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപിൾസ് പാർട്ടിക്ക് 51 സീറ്റിൽ ജയിക്കാനായി.
ഇനി ഫലം വരാനുള്ള മുഴുവൻ സീറ്റിൽ ജയിച്ചാലും കേവല ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കും സാധിക്കില്ല. തെരഞ്ഞെടുപ്പിൽ ജയം തങ്ങൾക്കാണെന്ന വാദവുമായി നവാസ് ശരീഫ് രംഗത്തെത്തി. മുൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോയുമായും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിലും പഞ്ചാബ് പ്രവിശ്യയിലും സഖ്യ സർക്കാർ രൂപീകരിക്കാൻ പാക്കിസ്താൻ മുസ്‌ലിം ലീഗും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും തമ്മിൽ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ തെഹ്രീകെ ഇൻസാഫിന്റെ ജയം പ്രഖ്യാപിച്ച് ഇംറാൻ ഖാന്റെ എ.ഐ സന്ദേശം പി.ടി.ഐ പുറത്തുവിട്ടു. അതേസമയം, ഫലം വൈകുന്നതിൽ റിട്ടേണിങ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരോട് ചെയർമാൻ ഗോഹാർ അലി ഖാൻ ആഹ്വാനം ചെയ്തു. സഖ്യ സാധ്യതകൾ പരിശോധിക്കാൻ തെഹ്രീകെ ഇൻസാഫ് നേതൃത്വം ഇന്ന് യോഗം ചേരും. ഇംറാൻ ഖാനെ ജയിലിൽ ചെന്ന് കണ്ട് തീരുമാനത്തിലെത്താനാണ് പാർട്ടി നീക്കം.