ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്താന്‍
പി.ടി.ഐയ്ക്കും ഇംറാനും ആശ്വാസകരമായ പാക് സുപ്രിംകോടതി വിധിക്കു പിന്നാലെയാണു പുതിയ നീക്കം നടക്കുന്നത്
ഇസ്‍ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടി നിരോധിക്കാന്‍ പാകിസ്താന്‍ ഭരണകൂടം. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ്(പി.ടി.ഐ) നിരോധിക്കാന്‍ ആണ് നീക്കം നടത്തുന്നത്. വാര്‍ത്താ വിനിമയ മന്ത്രി അത്താഉല്ല തരാര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
പി.ടി.ഐയ്ക്കും ഇംറാനും ആശ്വാസകരമായ സുപ്രധാന വിധി പാക് സുപ്രിംകോടതിയില്‍നിന്നു വന്ന് ദിവസങ്ങള്‍ക്കു പിന്നാലെയാണു പുതിയ നീക്കം നടക്കുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിരോധനത്തിനൊരുങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. പാര്‍ട്ടി നിരോധിക്കാനായി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, കലാപത്തിനു പ്രേരണ നല്‍കി തുടങ്ങിയ ആരോപണങ്ങളാണു പ്രധാന കാരണങ്ങളായി ഭരണകൂടം നിരത്തുന്നത്.
ഇംറാന്‍ ഖാനും മറ്റു രണ്ട് പി.ടി.ഐ നേതാക്കള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി തരാര്‍ വെളിപ്പെടുത്തി. മുന്‍ പാക് പ്രസിഡന്റ് ആരിഫ് അലവി, ദേശീയ അസംബ്ലി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവരാണു മറ്റു രണ്ടു നേതാക്കള്‍. ദേശീയ-പ്രവിശ്യാ അസംബ്ലികളില്‍ സംവരണം ചെയ്ത സീറ്റുകള്‍ പി.ടി.ഐയ്ക്ക് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിറക്കിയിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും മന്ത്രി അറിയിച്ചു.
കോടതിയെ ഭീഷണിമുനയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും ജഡ്ജിമാരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാകില്ലെന്നും വ്യക്തമായതോടെയാണു ഭരണകൂടം പുതിയ നീക്കം നടത്തുന്നതെന്ന് മുതിര്‍ന്ന പി.ടി.ഐ നേതാവ് സയ്യിദ് സുല്‍ഫീഖര്‍ ബുഖാരി പ്രതികരിച്ചു. ഞങ്ങള്‍ക്കെതിരായ അവരുടെ നീക്കങ്ങളെല്ലാം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടാണിപ്പോള്‍ കാബിനറ്റിലൂടെ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നതെന്നും ബുഖാരി വിമര്‍ശിച്ചു.
Summary: Pakistan government announces move to ban Imran Khan’s PTI