ചാനൽ ചർച്ചയ്ക്കിടെ നേതാക്കൾ തമ്മിൽ വാക്കേറ്റം ഒടുവിൽ കൈയ്യാങ്കളിയിലേക്ക് ; വെെറലായി വീഡിയോ
പി.ടി.ഐ നേതാവും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അഫ്‌നാനുല്ല നടത്തിയ മോശം പരാമര്‍ശമാണ് മാര്‍വത്തിനെ പ്രകോപിതനാക്കിയത്
ചാനൽ ചർച്ചയ്ക്കിടെ രാഷ്ട്രീയ നേതാക്കൾ അടികൂടുന്ന വിഡിയോ ഏറ്റെടുത്ത് സോഷ്യമീഡിയ. പ്രമുഖ പാകിസ്താൻ ടിവി അവതാരകൻ ജാവേദ് ചൗധരി എക്‌സ്‌പ്രസ് ടിവിയിൽ അവതാരകനായി എത്തുന്ന ‘കൽ തക്’ എന്ന ടോക് ഷോക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാകിസ്താന്‍ മുസ്‍ലിം ലീഗ് നവാസ് പാര്‍ട്ടിയുടെ സെനറ്റര്‍ അഫ്‌നാനുല്ല ഖാനും, ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവും അഭിഭാഷകനുമായ ഷേർ അഫ്സൽ മർവാത്തുമാണ് ചർച്ചയ്ക്കിടെ പരസ്പരം കയ്യേറ്റം നടത്തിയത്ത്.
പി.ടി.ഐ നേതാവും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അഫ്‌നാനുല്ല നടത്തിയ മോശം പരാമര്‍ശവും സൈനിക സ്ഥാപനവുമായുള്ള രഹസ്യ ചർച്ചകളും ആരോപിച്ചതുമാണ് കയ്യേറ്റത്തിനു തുടക്കം കുറിച്ചത്. ഇത് കേട്ട മാര്‍വത്ത് പ്രകോപിതനാകുകയും സീറ്റിൽ നിന്ന് എഴുന്നേറ്റ് അഫ്‌നാനുല്ലയെ തലക്കടിക്കുകയുമായിരുന്നു. തിരിച്ച് അഫ്‌നാനും അടിച്ചു. തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് നിന്ന് പരസ്പരം മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് സംവാദത്തിന് പകരം പ്രേക്ഷകർ കണ്ടത് പൊരിഞ്ഞ അടിയായിരുന്നു. രംഗം വഷളായതോടെ ചാനല്‍ അവതാരകനും അണിയറപ്രവര്‍ത്തകരും ഇരുവരെയും പിടിച്ചുമാറ്റി.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതോടെ ഇരുവരും തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തി. അഫ്നാൻ ഇമ്രാൻ ഖാനെതിരെ മോശം പരാമർശം നടത്തിയെന്ന് മർവാത്ത് ഉന്നയിച്ചു. താൻ അഹിംസയിൽ വിശ്വസിക്കുന്നയാളാണെങ്കിലും നവാസ് ഷെരീഫിന്റെ ‘സൈനികൻ’ എന്ന നിലയിൽ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് അഫ്‌നാനുല്ല ഖാനും ട്വീറ്റ് ചെയ്തു.