തെരഞ്ഞെടുപ്പിലെ ഇ.വി.എം ഉപയോഗം നിർത്താനുള്ള ബില്ലിന് പാക് അസംബ്ലി അംഗീകാരം
വിദേശത്തുള്ള പാക് പൗരന്മാരെ വോട്ടിങ്ങിൽ നിന്ന് തടയാനുള്ള ബില്ലും സഭ പാസാക്കി
പാകിസ്താനിലെ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഉപയോഗം നിർത്താനുള്ള ബില്ലിന് പാക് ദേശീയ അസംബ്ലിയുടെ അംഗീകാരം. വിദേശത്തുള്ള പാക് പൗരന്മാരെ വോട്ടിങ്ങിൽ നിന്ന് തടയാനുള്ള ബില്ലും സഭ പാസാക്കി. സുപ്രിംകോടതി ഇടപെടലിനെ തുടർന്ന് സ്ഥാനം നഷ്ടമായ ഇമ്രാൻ ഖാൻ സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളാണ് പുതിയ ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
പാർലമെൻററി കാര്യ മന്ത്രി മുർതസ ജാവേദ് അബ്ബാസി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് (ഭേദഗതി) ബിൽ 2022 ലോവർ സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസ്സാക്കുകയായിരുന്നു. ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ് (ജി.ഡി.എ) മാത്രമാണ് ബില്ലിനെ എതിർത്തത്. ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയെ മറികടന്ന് ബിൽ നേരിട്ട് സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ അനുവദിക്കുന്നതിനുള്ള പ്രമേയം ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അബ്ബാസി അവതരിപ്പിച്ചു. സെനറ്റിലേക്ക് വെള്ളിയാഴ്ച ബിൽ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുറത്താക്കപ്പെട്ട പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) 2021 ലെ തെരഞ്ഞെടുപ്പ് (രണ്ടാം ഭേദഗതി) യിലൂടെ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നും ഇതടക്കം 32 നിയമനിർമാണങ്ങളാണ് അന്ന് പിടിഐ അടിച്ചേൽപ്പിച്ചതെന്നും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് മന്ത്രി അസം നസീർ പറഞ്ഞു.
പുതിയ ഭേദഗതിയിലെ സെക്ഷൻ 94 ഉം 103ഉം വിദേശത്തുള്ള പ്രവാസികളുടെ വോട്ടിംഗിനും ഇവിഎം ഉപയോഗിക്കുന്നതിനുമായി പൈലറ്റ് പ്രോജക്ടുകൾ നടത്താൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷ(ഇസിപി)ന് നിർദേശം നൽകുന്നയതാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയടിക്ക് ഇവിഎം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനും പ്രവാസികൾക്ക് വോട്ടിങ് സൗകര്യമൊരുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്നും അവർ തന്നെ അത് പറഞ്ഞിട്ടുണ്ടെന്നും പാക് നിയമമന്ത്രി പറഞ്ഞു. തങ്ങൾ സാങ്കേതിക വിദ്യക്ക് എതിരല്ലെന്നും എന്നാൽ അവ ധൃതിപിടിച്ച് നടപ്പാക്കാനാകുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഗവൺമെൻറിന്റെ നടപടി പ്രതിലോമകരവും അപലപനീയവുമാണെന്ന് പി.ടി.ഐ വിമർശിച്ചു. പി.ടി.ഐ ഒമ്പത് മില്യണിലധികം പ്രവാസി പാകിസ്താനികൾക്ക് വോട്ടവകാശം നൽകിയെന്നും എന്നാൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഈ സംഘം ഇത് നീക്കി അനവധി പൗരന്മാരുടെ അവകാശം തടഞ്ഞെന്നും ഇവിഎം ഉപയോഗം മുടക്കിയെന്നും പാർട്ടി വൈസ് ചെയർമാൻ ഷാ മഹ്‌മൂദ് ഖുറേഷി ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് ആറു ദിവസത്തിനകം പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാജ്യത്ത് ആസാദി മാർച്ച് നടക്കുകയാണ്. പലയിടത്തും റോഡ് തടസ്സപ്പെട്ടിരിക്കുകയുമാണ്. മാർച്ചിനിടയിൽ തലസ്ഥാന നഗരിയിലുണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ ഇമ്രാൻ ഖാൻ, അസാദ് ഉമർ, ഇമ്രാൻ ഇസ്മാഈൽ തുടങ്ങിയവരുടെ പേരിൽ കേസെടുത്തിരിക്കുകയാണ്.
Pakistan National Assembly approves bill to stop use of EVMs in elections