പാക് ദേശീയ അസംബ്ലി പിരിച്ചുവിടൽ; പ്രതിപക്ഷ ഹരജിയിൽ ഇന്നും വാദം തുടരും
ഇംറാൻ ഖാൻ വിളിച്ച തഹരീരെ ഇൻസാഫ് പാർട്ടിയുടെ പാർലമെന്ററി യോഗവും ഇന്ന് ചേരും
പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും. ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹരജിയിൽ വാദം കേൾക്കുന്നത് തുടരും. പാക് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള പ്രത്യേക ബെഞ്ചാണ് ഹരജി പരിഗണിക്കുക. അവിശ്വസ പ്രമേയത്തിൽ വോട്ടെടുപ്പ് തടഞ്ഞതും ദേശീയഅസംബ്ലി പിരിച്ചുവിട്ടതും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയിലെ പ്രതിപക്ഷ വാദം.
ഇന്നലെ ഹരജി പരിഗണിച്ച കോടതി അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുള്ള ചർച്ച നിയമത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെങ്കിലും അത് നടന്നില്ലെന്ന് നിരീക്ഷിച്ചു. വോട്ടെടുപ്പ് റദ്ദാക്കാൻ സ്പീക്കർക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ ജസ്റ്റിസ് അക്തർ സംശയം പ്രകടിപ്പിച്ചു. അതേ സമയം ഭരണഘടനാ പ്രതിസന്ധിയിൽ ഇടപെടില്ലെന്ന് പാക് സൈന്യം വ്യക്തമാക്കിട്ടുണ്ട്.
അതേസമയം, കാവൽ പ്രധാനമന്ത്രി പദത്തിലേക്ക് പേരു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ, പാക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്‌മദിന്റെ പേര് നിർദേശിച്ചു. എന്നാൽ, പേരു നിർദേശിക്കാനാവശ്യപ്പെട്ട് തനിക്കും പ്രസിഡന്റിന്റെ കത്ത് ലഭിച്ചുവെന്നും നിയമന പ്രക്രിയയിൽ താൻ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് പ്രതികരിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും നിയമം ലംഘിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇംറാൻ ഖാൻ വിളിച്ച തഹരീരെ ഇൻസാഫ് പാർട്ടിയുടെ പാർലമെന്ററി യോഗവും ഇന്ന് ചേരും. പുതിയ തെരഞ്ഞെടുപ്പിനൊരുങ്ങാൻ പാർട്ടിയെ സജ്ജമാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.