പാകിസ്താനിൽ ഇമ്രാൻ ഖാന് നിർണായകദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്

സഭ പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കർക്കെതിരെയും അവിശ്വാസത്തിന് നോട്ടീസ്

Update: 2022-04-09 01:49 GMT
Editor : Shaheer | By : Web Desk
പാകിസ്താനിൽ ഇമ്രാൻ ഖാന് നിർണായകദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്
AddThis Website Tools
Advertising

ഇസ്ലാമാബാദ്: ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാകിസ്താൻ സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണായകദിനം. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് ദേശീയ അസംബ്ലിയിൽ നടക്കും. ഇറക്കുമതി സർക്കാരിനെ അംഗീകരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോടതിവിധിയുടെയും അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇമ്രാൻ ഖാൻ ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിശ്വാസവോട്ട് വിലക്കിയ ദേശീയ അസംബ്ലി തീരുമാനം

റദ്ദാക്കിയ സുപ്രിംകോടതി വിധിയെക്കുറിച്ചായിരുന്നു പ്രസംഗത്തിലെ ആദ്യ പ്രതികരണം. വിധിയിൽ നിരാശനാണെന്നും എന്നാൽ അംഗീകരിക്കുന്നുവെന്നും ഇമ്രാൻ വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെ വിദേശ ഗൂഢാലോചനയെങ്കിലും കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അട്ടിമറിനീക്കമുണ്ടായതിന്റെ തെളിവുകളിലേക്ക് കടക്കാത്തതിനും വിമർശനമുണ്ടായി.

വിദേശഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക കമ്മീഷന്‍

വിദേശഗൂഢാലോചന അന്വേഷിക്കാൻ റിട്ട. സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷനെ ഇന്നലത്തെ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. സർക്കാരിനെതിരെ എട്ട് ദേശീയ അസംബ്ലി അംഗങ്ങൾ വിദേശ എംബസികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഇറക്കുമതി സർക്കാരിനെതിരെ ജനങ്ങളോട് നാളെ തെരുവിലിറങ്ങാനും ഇമ്രാൻ ആഹ്വാനം ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാൻ പട്ടാളത്തിനല്ല, ജനങ്ങൾക്കാണ് കഴിയുക. ഇന്ത്യയുടെ വിദേശനയത്തിൽ ഒരു വിദേശശക്തിയും ഇടപെടാറില്ല. പാകിസ്താനും സ്വതന്ത്ര വിദേശനയം വേണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.

രാവിലെ 10.30നാണ് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുക. 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ അവിശ്വാസം പാസാകാൻ 172 പേരുടെ പിന്തുണ വേണം. 2018ൽ അധികാരത്തിൽ വന്ന ഇമ്രാൻ ഖാൻ സർക്കാരിന് 2023 വരെ കാലാവധിയുണ്ടെന്നിരിക്കെ സാമ്പത്തിക രംഗത്തെ പ്രതിസന്ധി ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. സഭ പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കർക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Summary: Pakistan's PM Imran Khan ready to 'fight' ahead of no-confidence vote to be held today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News