ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്തു: പാകിസ്താനിൽ വാർത്താ ചാനലിന്റെ ലൈസൻസ് റദ്ദാക്കി
ഇന്നലെ ഇമ്രാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ചാനലുകളെ സർക്കാർ വിലക്കിയിരുന്നു
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന് പാകിസ്താനിൽ വാർത്താ ചാനലിന്റെ ലൈസൻസ് റദ്ദാക്കി. സ്വകാര്യ ചാനലായ എആർഐ ടിവിയുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. ഇമ്രാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് നടപടിയെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഇന്നലെ ഇമ്രാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ സർക്കാർ വിലക്കിയിരുന്നു. ഇമ്രാൻ ഖാനോട് അനുകൂല സമീപനമുള്ള ചാനലാണ് എആർഐ. ഇതിനു മുമ്പും ചാനലിനെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് 8.30നാണ് ചാനലുകൾക്ക് സർക്കാർ നോട്ടീസ് നൽകിയത്. 9 മണിക്ക് ഇമ്രാന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ എആർഐ ടിവി സംപ്രേഷണം ചെയ്തു എന്നാരോപിച്ചായിരുന്നു ചാനലിനെതിരെയുള്ള നടപടി. എന്നാൽ സർക്കാർ ഉത്തരവ് പാലിച്ചുവെന്നും ഇമ്രാന്റെ പ്രസംഗം സംപ്രേഷണം ചെയ്തിട്ടില്ലെന്നുമാണ് ചാനലിന്റെ പ്രതികരണം.
ഇമ്രാന്റെ പ്രസംഗങ്ങൾ രാജ്യത്ത് വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവയാണെന്നും ഇമ്രാൻ ഉയർത്തുന്ന വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ അതോറിറ്റി(പേംമ്ര) ഇമ്രാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ചാനലുകളെ വിലക്കിയത്. രാജ്യത്തെ ഭരണസംവിധാനങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പേംമ്ര പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം തെറ്റിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് സർക്കാർ ചാനലുകൾക്ക് നൽകിയിരുന്ന മുന്നറിയിപ്പ്.
അതേസമയം കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിട്ടും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇമ്രാന്റെ ലാഹോറിലുള്ള വസതിയിൽ ഇന്നലെ പൊലീസ് എത്തിയിരുന്നെങ്കിലും ഇമ്രാനെ കണ്ടെത്താനായില്ല. എന്നാൽ ഇതേ വസതിയിലിരുന്ന് കൊണ്ട് അദ്ദേഹം പിടിഐ പ്രവർത്തകരെ അഭിസംബോധന ചെയ്തതായാണ് പാക് മാധ്യമം ഡൗൺ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയായിരിക്കെ വിദേശ പ്രതിനിധികളിൽനിന്ന് നിയമവിരുദ്ധമായി സമ്മാനങ്ങൾ വാങ്ങിയ കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഇസ്‌ലാമാബാദ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. തൊഷാഖാന കേസ് എന്ന പേരിൽ അറിയപ്പെടുന്ന സംഭവത്തിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.ആരോപണങ്ങൾ ഇമ്രാൻ നിഷേധിച്ചിട്ടുണ്ട്.
2022 ഏപ്രിലിലാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെടുന്നത്. പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടായിരുന്നു കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇമ്രാന്റെ സ്ഥാനചലനം. ഭീകരവാദം, അഴിമതി അടക്കം നിരവധി കുറ്റങ്ങളാണ് ഇമ്രാൻ ഖാനെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നത്.