റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം; ഗസ്സയിൽ എഴുത്തുകാരിക്കും ഭർത്താവിനും ദാരുണാന്ത്യം
കാലിഗ്രാഫറും കരകൗശല വിദഗ്ധയുമായിരുന്ന അഫ്രാൻജി 'ഫാഷൻ റൂം ബൈ വാലാ' എന്ന പേരിൽ സ്വന്തമായി വസ്ത്ര കമ്പനിയും നടത്തിയിരുന്നു
ഗസ്സ സിറ്റി:സെൻട്രൽ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ ഫലസ്തീനിയൻ കലാകാരിക്കും ഭർത്താവിനും ദാരുണാന്ത്യം. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീട്ടിൽ നടന്ന ആക്രമണത്തിലാണ് വലാ ജുമാ അൽ അഫ്രാൻജിയും ഭർത്താവ് അഹമ്മദ് സയീദ് സലാമയും കൊല്ലപ്പെട്ടത്.
നുസൈറാത്തിലെ ഐൻ ജലൂത്ത് ടവേഴ്സിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. തുടർന്ന് ഇരുവരെയും അൽ അഖ്‌സ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോവലിസ്റ്റും കലാകാരിയും ആയിരുന്നു അഫ്രാൻജി. കാലിഗ്രാഫറും കരകൗശല വിദഗ്ധനുമായിരുന്ന അഫ്രാൻജി 'ഫാഷൻ റൂം ബൈ വാലാ' എന്ന പേരിൽ സ്വന്തമായി വസ്ത്ര കമ്പനിയും നടത്തിയിരുന്നു. പ്രാദേശിക ഡിസൈനർമാരുമായി ചേർന്ന് പരമ്പരാഗത ഫലസ്തീനിയൻ വസ്ത്രങ്ങൾ അഫ്രാൻജി ജനങ്ങളിലേക്ക് എത്തിച്ചിരുന്നു.
അഫ്രാൻജിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് ഏകദേശം 95,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇസ്രായേൽ അധിനിവേശത്തിന് ശേഷമുള്ള ഗസ്സയിലെ ജീവിതത്തെക്കുറിച്ചും അഫ്രാൻജി തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അഫ്രാൻജിയും ഭർത്താവും ഉൾപ്പെടെ 13 പേരാണ് ക്രിസ്മസ് ദിനത്തിൽ രാവിലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷമാണ് അഫ്രാൻജി അഭയാർത്ഥി ക്യാമ്പിലേക്ക് മാറിയത്. തെക്കൻ ഖാൻ യൂനിസിലെ മാൻ ഏരിയയിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.