ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: ഉപവാസ സമരവുമായി അമേരിക്കൻ സർക്കാർ ജീവനക്കാർ

ഫെഡറൽ ജീവനക്കാർ കറുത്ത വസ്ത്രമോ കഫിയയോ ധരിച്ചായിരിക്കും ജോലിക്ക് എത്തുക

Update: 2024-01-30 12:56 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിലും അതിന് പിന്തുണ നൽകുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നയത്തിലും പ്രതിഷേധിച്ച് അമേരിക്കയിലെ ഒരുകൂട്ടം സർക്കാർ ജീവനക്കാർ ഉപവാസ സമരത്തിന്. 21 യുഎസ് സർക്കാർ ഏജൻസികളിലെയും വകുപ്പുകളിലെയും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫെഡ്സ് യുണൈറ്റഡ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം.

ഗസ്സക്കായി ഉപവാസ ദിനം എന്ന പേരിൽ വ്യാഴാഴ്ചയാണ് സമരം തീരുമാനിച്ചിരിക്കുന്നത്. ഫെഡറൽ ജീവനക്കാർ കറുത്ത വസ്ത്രമോ കഫിയയോ ധരിച്ചായിരിക്കും ജോലിക്ക് എത്തുക.

ഗസ്സയിലേക്ക് വരുന്ന ഭക്ഷണം മനഃപൂർവം തടഞ്ഞ് പട്ടിണിയെ വരെ യുദ്ധതന്ത്രമാക്കി മാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരം നടത്തുന്നതെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ഗസ്സയിലെ 20 ലക്ഷത്തോളം ജനങ്ങൾ ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണെന്ന യു.എൻ റിപ്പോർട്ട് സമരക്കാർ ചൂണ്ടിക്കാട്ടി. ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി സംസാരിക്കാൻ പലവിധ കാരണങ്ങളാൽ ഭയക്കുന്ന മറ്റു ജീവനക്കാരെ കൂടി പ്രചോദിപ്പിക്കലും സംഘടനയുടെ ലക്ഷ്യമാണ്.

വാഷിങ്ടണിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടക്കുന്ന പ്രവർത്തനങ്ങളെ പിന്തുണച്ച് ഈ മാസം ആദ്യം ഫെഡ്സ് യുണൈറ്റഡ് ഫോർ പീസ് സംഘടനയുടെ നേതൃത്വത്തിൽ ഓഫിസുകൾ ബഹിഷ്കരിച്ചിരുന്നു. എന്നാൽ, ജീവനക്കാരുടേത് അനുസരണക്കേടാണെന്നായിരുന്നു ഇതിനെ അധികൃതർ വിശേഷിപ്പിച്ചത്. ഹൗസ് സ്പീക്കറും റിപ്പബ്ലിക്കൻ അംഗവുമായ മൈക്ക് ജോൺസൺ ഇവരെ പുറത്താക്കണമെന്ന് വരെ ആവശ്യപ്പെട്ടു.

പക്ഷെ, ഇതിനെയെല്ലാം അവഗണിച്ച് ഫലസ്തീൻ ഐക്യദാർഢ്യവുമായി അമേരിക്കയിലെ വിവിധ സംഘടനകൾ മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ ഡിസംബറിൽ സ്റ്റാഫേഴ്സ് ഫോർ സീസ്ഫയർ എന്ന സംഘടനയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സീയൻ്റ്‌സ് ജീവനക്കാർക്കായി മനോവീര്യം വർദ്ധിപ്പിക്കാനുള്ള പാർട്ടി നടത്തുമ്പോൾ, ഗസ്സയിൽ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുകയാണെന്ന് ഇവർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഫലസ്തീൻ ജനതയുടെ ദുരിത ജീവിതത്തോട് നിസ്സംഗത പുലർത്തുന്നവരെ ഞങ്ങൾക്ക് വെറുപ്പാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.

ജനുവരി ആദ്യം വിദ്യാഭ്യാസ വകുപ്പിലെ രാഷ്ട്രീയ ​നോമിനിയായ താരിഖ് ഹബാഷ് അമേരിക്കൻ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായി രാജിവെച്ചിരുന്നു. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് സർക്കാറിനെതിരെ ജീവനക്കാർ ഇത്തരത്തിൽ വ്യാപകമായിട്ട് പരസ്യ പ്രതിഷേധവുമായി രംഗത്തുവരുന്നതെന്ന് ബറാക് ഒബാമയുടെ ഭരണകാലത്ത് പെൻ്റഗണിൽ ജോലി ചെയ്തിരുന്ന രാഷ്ട്രീയ ശാസ്ത്രജ്ഞൻ വാൻ ജാക്സൺ വ്യക്തമാക്കുന്നു.

അമേരിക്കയിലെ പ്രധാന തൊഴിലാളി യൂണിയനുകളിലൊന്നായ യുണൈറ്റഡ് ഓട്ടോമൊബൈൽ, എയ്‌റോസ്‌പേസ്, അഗ്രികൾച്ചറൽ ഇംപ്ലിമെൻ്റ് വർക്കേഴ്‌സ് ഓഫ് അമേരിക്ക (യുഎഎഡബ്ല്യു) പ്രതിനിധികളും ഇസ്രായേലിനുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News