ആ ബാങ്കൊലിക്കായി അവര്‍ കാതോര്‍ക്കും; റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഫലസ്തീനി ക്യാമ്പുകള്‍
റമദാനെ വരവേൽക്കാൻ ടെന്റുകൾ അലങ്കരിക്കുകയാണ് ഫലസ്തീനി ക്യാമ്പുകളിലുള്ള ആളുകൾ
ഗസ്സ സിറ്റി: ഇസ്രായേല്‍ അധിനിവേശം ഗസ്സയില്‍ പിടിമുറുക്കുമ്പോഴും പുണ്യ റമദാനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഗസ്സ. റഫയുടെ പടിഞ്ഞാറ് ഭാഗത്തുള്ള താല്‍- സുല്‍ത്താന്‍ ക്യാമ്പിലെ ഒരു ഫലസ്തീന്‍ കുടുംബം റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി ടെന്റ് അലങ്കരിക്കുകയും റമദാന്‍ ആചാരം സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് ഫോട്ടോ ജേര്‍ണലിസ്റ്റും അറബിക് കാലിഗ്രാഫറുമായ ബെലാല്‍ ഖാലിദ്.
ഫലസ്തീന്‍ ചന്ദ്രപ്പിറവി കണ്ട ഉടന്‍ റമദാന്‍ മാസം ആഘോഷിക്കാന്‍ തുടങ്ങും. അവിടെ പള്ളികളില്‍ പ്രാര്‍ത്ഥനകളുടെ ശബ്ദം ഉയരും. നോമ്പ് അനുഷ്ഠാനത്തിനും തുടക്കമാകും. മുസ്ലിംകള്‍ തറാവിഹ് പ്രാര്‍ത്ഥന നടത്താന്‍ പള്ളികളില്‍ പോകും. കുട്ടികള്‍ വിളക്കുകള്‍ വഹിച്ചുകൊണ്ട് വീടുകളില്‍ നിന്ന് പുറത്തേക്ക് വരും. കുട്ടികള്‍ക്ക് വിളക്കുകള്‍ വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിക്കുകയാണ് രക്ഷിതാക്കള്‍. ഇത് പഴയ പാരമ്പര്യങ്ങളിലൊന്നാണ്.
ഇസ്രായേല്‍ അധിനിവേശത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഫലസ്തീന്‍ ജനത ഈ ആചാരം ഇപ്പോഴും തുടരുന്നു. കുട്ടികളുടെ കയ്യില്‍ വിളക്കുകള്‍ കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നു. റമദാന്‍ മാസത്തിന്റെ പ്രഭ അവരുടെ മുഖത്ത് പ്രതിഫലിക്കുന്നതായി ബെലാല്‍ ഖാലിദിന്റെ ചിത്രങ്ങളില്‍ കാണാം. വെടിയൊച്ചകളുടെയും മിസൈലുകളുടെയും ബോംബുകളുടെയും പേടിപ്പിക്കുന്ന ഘോര ശബ്ദങ്ങളില്‍ നിന്നും അവരെ ആശ്വസിപ്പിക്കാന്‍ പ്രാര്‍ത്ഥനകളും വിളക്കുകളും നല്‍കി സന്തോഷിപ്പിക്കുകയാണവര്‍.
എന്നാൽ ഇന്നവിടെ പള്ളികളില്ലെങ്കിലും പ്രാര്‍ത്ഥന സമയം അറിയിക്കാന്‍ ബാങ്കൊലി അവരുടെ കാതുകളില്‍ എത്താറുണ്ട്. റമദാനിലും ആ ബാങ്കൊലിക്ക് വേണ്ടി അവര്‍ കാതോര്‍ക്കുകയാണ്.
അതേസമയം, റമദാനില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ഖത്തര്‍, യു.എ.സ്, ഇസ്രായേല്‍ പ്രതിനിധികള്‍ ഈജിപ്തില്‍ എത്തി. ഹമാസിന്റെ പ്രതിനിധികളും കൈറോയില്‍ എത്തിയിട്ടുണ്ട്. ഇസ്രായേല്‍ വെടിനിര്‍ത്തലിന് സന്നദ്ധമായിട്ടുണ്ടെന്നാണ് അമേരിക്കയുടെ പ്രസ്താവന. തങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമാവുകയാണെങ്കില്‍ ബന്ദി കൈമാറ്റത്തിന് രണ്ടുദിവസം മതിയെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേല്‍ സംഘം േൈകാറോയില്‍ എത്തുന്നതുസംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇസ്രായേല്‍ മന്ത്രി ഗാന്റ്‌സും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇന്ന് ചര്‍ച്ച നടത്തും.