പൊതുപണിമുടക്ക് ദിവസം ജോലിക്കെത്താത്തതിന് ഫലസ്തീന്‍ ജീവനക്കാരെ ഇസ്രായേല്‍ തൊഴിലുടമകള്‍ പിരിച്ചുവിട്ടു
ഇസ്രായേല്‍ അധിനിവേശത്തിനും അതിക്രമത്തിനും എതിരെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഫലസ്തീന്‍ ജനത സമ്പൂര്‍ണ പണിമുടക്ക് നടത്തിയത്
ഇസ്രായേല്‍ അധിനിവേശത്തിനും അതിക്രമത്തിനും എതിരെ കഴിഞ്ഞ ചൊവ്വാഴ്ച സമ്പൂര്‍ണ പണിമുടക്ക് നടത്തിയിരുന്നു ഫലസ്തീന്‍ ജനത. എന്നാല്‍ പണിമുടക്കിന്‍റെ ഭാഗമായി ജോലിക്കെത്താത്ത ഫലസ്തീന്‍ പൌരന്മാരെ പിരിച്ചുവിട്ടിരിക്കുകയാണ് ഇസ്രായേല്‍ തൊഴിലുടമകള്‍. നൂറുകണക്കിന് ഫലസ്തീന്‍ പൌരന്മാര്‍ക്കാണ് അവരുടെ ഇസ്രായേല്‍ തൊഴിലുടമകളില്‍ നിന്ന് പിരിച്ചുവിട്ടതായി കാണിച്ചുകൊണ്ടുള്ള വാട്‍സ്ആപ്പ് സന്ദേശം ലഭിച്ചിരിക്കുന്നത്.
ഹീബ്രൂ ഭാഷയിലുള്ള വാട്‍സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പൊതുപണിമുടക്ക് കാരണം ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാനാകില്ലെന്ന് തൊഴിലുടമകളെ അറിയിക്കാനായി അയച്ച വാട്‍സ്ആപ്പ് സന്ദേശത്തിന് മറുപടിയായാണ് ഉടനെ തന്നെ അവരെ പുറത്താക്കിയെന്നുള്ള സന്ദേശം അയച്ചിരിക്കുന്നത്.
ഫലസ്തീനിലെ വിവിധ കക്ഷികളായ ഹമാസും ഫതഹും സംയുക്തമായായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വന്‍ ജനപിന്തുണയാണ് പണിമുടക്കിന് ലഭിച്ചിരുന്നത്. ചരിത്രപരമായ മുന്നേറ്റമായിരുന്നു ആ പണിമുടക്ക്. സമരത്തിന്‍റെ ഭാഗമായി എല്ലാ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നിരുന്നു. പണിമുടക്കിക്കൊണ്ട് തൊഴിലാളികളും സമരത്തിന്‍റെ ഭാഗമായി അണിചേരുകയായിരുന്നു. അത്തരം തൊഴിലാളികളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
പണിമുടക്ക് ദിവസം ജോലിക്ക് എത്താതിരുന്നതുകൊണ്ട് ജോലി നഷ്ടമായ ഫലസ്തീനുകാരുടെ വിവരങ്ങള്‍ തങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അറബ് അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്‍റെ മുന്‍ ഡയറക്ടര്‍ മുഹമ്മദ് സെയ്ദാന്‍ അറിയിച്ചു. നിലവില്‍ കിട്ടിയ വിവരമനുസരിച്ച് നൂറിലധികം ഫലസ്തീനുകാരെ ഇത്തരത്തില്‍ ഇസ്രായേല്‍ തൊഴിലുടമകള്‍ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഇസ്രായേല്‍ തൊഴിലുടമകള്‍ നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു എന്ന മറുപടി മാത്രമാണ് നല്‍കിയത്. മറ്റ് ചിലര്‍ തങ്ങളുടെ ജീവനക്കാരുമായി രാഷ്ട്രീയമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട ശേഷമാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനോട് തങ്ങളുടെ ജീവനക്കാര്‍ കൂറ് പുലര്‍ത്തുന്നില്ല എന്നതായിരുന്നു അതില്‍ പ്രധാന ആരോപണം.
ഇസ്രായേലിലെ പ്രൈവറ്റ്, പബ്ലിക് സെക്‍ടറുകളില്‍ ജോലി ചെയ്യുന്ന നിരവധി ഫലസ്തിനുകാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമസഹായം തേടി തങ്ങളെ സമീപിച്ചെന്ന് പറയുന്നു ഇസ്രായേലിലെ ഫലസ്തീന്‍ അഭിഭാഷകരുടെ സംഘടനയിലെ അംഗമായ റോവ ജെബറ പറയുന്നു.