യഹ്‌യാ സിൻവാറിനെ സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി), പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്നീ പാർട്ടികളാണ് സിൻവാറിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
ഗസ്സ: യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി), പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്നീ പാർട്ടികളാണ് സിൻവാറിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
മഹാനായ ദേശീയ നേതാവായിരുന്ന ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തോടെയുണ്ടായ അഗ്നിപരീക്ഷയെ അതിജീവിക്കാൻ സിൻവാറിന്റെ നേതൃത്വം സഹായിക്കുമെന്ന് ഡി.എഫ്.എൽ.പി സെക്രട്ടറി ജനറൽ ഫഹദ് സുലൈമാൻ പറഞ്ഞു. സിൻവാറിന്റെ നേതൃത്വം സംഘടനയുടെ കരുത്തും ഐക്യവും കെട്ടുറപ്പും വർധിപ്പിക്കും. ഹമാസ് തലവനായി സിൻവാറിനെ തെരഞ്ഞെടുത്തത് വിട്ടുവീഴ്ചയോ ദയയോ കൂടാതെ നമ്മുടെ ജനതയുടെയും നമ്മുടെ ഭൂമിയുടെയും ന്യായമായ ദേശീയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പാതയിൽ, ചെറുത്തുനിൽപ്പിൽ, നമ്മുടെ ജനങ്ങൾക്ക് ദൃഢത ഉറപ്പുനൽകുന്നു. ഈ തെരഞ്ഞെടുപ്പ് നമ്മുടെ രക്തസാക്ഷികളുടെയും നേതാക്കളുടെയും പോരാളികളുടെയും, പ്രത്യേകിച്ച് ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും വംശഹത്യയുടെ ഇരകളായി വീണുപോയവരുടെ രക്തത്തോടുള്ള വിശ്വസ്തതയുടെ സ്ഥിരീകരണമാണ്െന്നും ഫഹദ് സുലൈമാൻ പ്രസ്താവനയിൽ പറഞ്ഞു.
സിൻവാറിനെ തലവനായി തിരഞ്ഞെടുത്തതിൽ ഹമാസിനെ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു പി.എഫ്.എൽ.പിയുടെ പ്രതികരണം. ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം സൃഷ്ടിച്ച അഗ്നിപരീക്ഷ അതിജീവിക്കാനും ഹനിയ്യയുടെയും രക്തസാക്ഷികളായ എല്ലാ നേതാക്കളുടെയും പാത തുടരാൻ ഹമാസിന്റെ പോരാളികൾക്ക് കഴിയട്ടെ എന്നും പി.എഫ്.എൽ.പി പ്രസ്താവനയിൽ പറഞ്ഞു.
രക്തസാക്ഷിയായ ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയെന്ന നിലയിൽ ഈ മഹത്തായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും നമ്മുടെ ജനങ്ങളുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷണത്തിന് ഉതകുന്ന വിധത്തിൽ ഈ നിർണായക ഘട്ടത്തിൽ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ സഹോദരൻ യഹ്യ സിൻവാറിനും ഹമാസിലെ അദ്ദേഹത്തിന്റെ സഹ നേതാക്കൾക്കും കഴിയട്ടെ എന്നും പി.എഫ്.എൽ.പി നേതാക്കൾ പറഞ്ഞു.