ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 16കാരനായ മകനെ രക്ഷിക്കാനുള്ള ഡോക്ടറായ പിതാവിന്റെ വിഫല ശ്രമം; ഹൃദയഭേദകം ഈ ദൃശ്യം

ജെനിനിലെ കാഫ്ർ ദാൻ പട്ടണത്തിൽ വച്ചായിരുന്നു വെടിവയ്പ്പ്.

Update: 2023-09-23 13:14 GMT
Advertising

വെസ്റ്റ്ബാങ്ക്: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ പിതാവ്. എന്നാൽ എല്ലാ പ്രതീക്ഷയും അവസാനിച്ച് അവൻ കണ്ണടച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലാണ് ഈ ഹൃദയഭേദകമായ സംഭവം. വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരനായ മകനെ രക്ഷിക്കാനുള്ള പിതാവിന്റെ ശ്രമമാണ് വിഫലമായത്.

സെപ്റ്റംബർ 22ന് വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിനിടെയാണ് 16കാരനായ അബ്ദുല്ല ഇമാദ് അബു ഹസന് വെടിയേറ്റത്. ജെനിനിലെ കാഫ്ർ ദാൻ പട്ടണത്തിൽ വച്ചായിരുന്നു വെടിവയ്പ്പ്.

വയറ്റിൽ വെടിയേറ്റ അബ്ദുല്ലയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പിതാവ് ഡോ. ഇമാദ് അബു ഹസൻ മകന് സിപിആർ നൽകി രക്ഷിക്കാൻ പരമാവധി ശ്രമിച്ചത്. എന്നാൽ അബ്ദുല്ല മരണത്തിന് കീഴടങ്ങി. മകനെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുന്ന പിതാവിന്റെ ഹൃദയഭേദകമായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഫലസ്തീൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേൽ സൈന്യം കനത്ത വെടിവയ്പ്പിലൂടെ നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതിനിടെയാണ് അബ്ദുല്ലയ്ക്കും വെടിയേറ്റത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏറ്റവും അക്രമാസക്തമായ വർഷമായാണ് 2023നെ കണക്കാക്കുന്നത്.

ഈ വർഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ 47 കുട്ടികൾ ഉൾപ്പെടെ 240 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിക്കുകയും ഗാസ മുനമ്പ് ഉപരോധിക്കുകയും ചെയ്തു. ജൂണിൽ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കുനേരെ നടത്തിയ ഇസ്രായേൽ നരനായാട്ടിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.

നാബ്‌ലുസിലെ ബലാത്ത അഭയാർഥി ക്യാംപിലായിരുന്നു ഇസ്രായേൽ ആക്രമണം. ഇസ്രായേൽ സൈന്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ വെടിവച്ച് കൊല്ലുകയായിരുന്നു. മുഹമ്മദ് സൈത്തൂൻ(32), ഫാത്തി റിസ്‌ക്(30), അബ്ദുൽ അബൂ ഹംദാൻ(24) എന്നിവരാണ് കൊല്ലപ്പെട്ടത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News