വാഷിങ്ടണില്‍ അസാധാരണ പ്രതിഷേധം; നെതന്യാഹു താമസിക്കുന്ന ഹോട്ടലില്‍ നിറയെ പുഴുക്കളും പ്രാണികളും

എങ്ങനെയാണ് പ്രക്ഷോഭകാരികള്‍ അകത്തുകടന്നു പുഴുക്കളെ കൂട്ടത്തോടെ നിക്ഷേപിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല

Update: 2024-07-25 17:06 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തിനിടെ അസാധാരണ പ്രതിഷേധം. വാഷിങ്ടണ്‍ ഡി.സിയില്‍ നെതന്യാഹു താമസിക്കുന്ന ഹോട്ടലില്‍ സമരക്കാര്‍ പുഴുക്കളെയും പ്രാണികളെയും ചീവീടുകളെയും തള്ളിയതായി റിപ്പോര്‍ട്ട്. ഗസ്സയിലെ ആക്രമണത്തിനിടെ നടക്കുന്ന സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുമ്പോഴാണ് ഈ അപ്രതീക്ഷിത നീക്കമെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ടണ്‍ ഡി.സിയിലെ പ്രസിദ്ധമായ വാട്ടര്‍ഗേറ്റ് ഹോട്ടലിലാണ് നെതന്യാഹു താമസിക്കുന്നത്. മൊസാദ് അംഗങ്ങള്‍ ഉള്‍പ്പെടെ നെതന്യാഹുവിനൊപ്പം എത്തിയ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം താമസിക്കുന്നതും ഇതേ ഹോട്ടലില്‍ തന്നെയാണ്. ഇവിടെയാണ് നൂറുകണക്കിനു പ്രാണികളും പുഴുക്കളുമെല്ലാം തള്ളിയിരിക്കുന്നത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഹോട്ടലിലുണ്ടായിരിക്കുന്നതെന്നു വ്യക്തമാണ്. എന്നാല്‍, എങ്ങനെയാണ് പ്രക്ഷോഭകാരികള്‍ അകത്തെത്തിയതെന്നും പുഴുക്കളെ ഇവിടെ നിക്ഷേപിച്ചതെന്നും ഇനിയും വ്യക്തമായിട്ടില്ല.

ഹോട്ടലിലെ ഭക്ഷണ ടേബിളിനു മുകളില്‍ നൂറുകണക്കിനു പുഴുക്കള്‍ ഇഴയുന്നതു പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ ഇസ്രായേല്‍-യു.എസ് പതാകകളുമുണ്ട്. ടേബിളില്‍ പുഴുക്കള്‍ക്കു തൊട്ടരികെ ഗ്ലാസുകളുമുണ്ട്. ഇവിടെയാണ് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കഴിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഹോട്ടലിന്റെ ഇടനാഴികളിലൂടെയും ചീവീടുകള്‍ പോലെയുള്ള പ്രാണികള്‍ ഇഴയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വാട്ടര്‍ഗേറ്റ് ഹോട്ടലിനു മുന്നില്‍ നടന്ന പ്രതിഷേധം

ക്രിമിനല്‍ സയണിസ്റ്റുകളുടെ യുദ്ധ ടേബിളില്‍ പ്രാണികളെ നിക്ഷേപിച്ചിരിക്കുകയാണെന്ന് ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് വിഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തങ്ങളുടെ ജനതയെ ഭീതിയില്‍ നിര്‍ത്തുന്ന നെതന്യാഹുവിനും ഇസ്രായേലിന്റെ മൊസാദ് ഏജന്റുമാര്‍ക്കും രഹസ്യ ഉദ്യോഗസ്ഥര്‍ക്കും സമാധാനം നല്‍കാതിരിക്കാന്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം രാത്രി വാട്ടര്‍ഗേറ്റ് ഹോട്ടല്‍ അലങ്കോലമാക്കിയിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

പുറത്തുവന്ന വിഡിയോ യാഥാര്‍ഥ്യമാണെന്ന് ഒരു ഔദ്യോഗിക വൃത്തം പ്രതികരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വാട്ടാര്‍ഗേറ്റ് ഹോട്ടലും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണു കഴിഞ്ഞ ദിവസം ഹോട്ടലിലുണ്ടായതെന്നും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും ഹോട്ടല്‍ വക്താവ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സ്ഥലം ശുദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ സാധാരണ നിലയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. അധികാരികളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വാട്ടര്‍ഗേറ്റ് വ്യക്തമാക്കി. അതേസമയം, സുരക്ഷാവീഴ്ചയില്‍ യു.എസ്-ഇസ്രായേല്‍ ഭരണകൂടങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജൂലൈ 22നാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബെഞ്ചമിന്‍ നെതന്യാഹു യു.എസിലെത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സയണില്‍ നെതന്യാഹുവുമായുള്ള ആദ്യ വിദേശയാത്ര കൂടിയാണിത്. ഇന്നലെ യു.എസ് കോണ്‍ഗ്രസില്‍ ജനപ്രതിനിധികളെ അഭിസംബോധനം ചെയ്തു സംസാരിച്ച നെതന്യാഹു സഭയിലും പുറത്തും വലിയ പ്രതിഷേധമാണു നേരിട്ടത്. നിരവധി ഡെമോക്രാറ്റിക് അംഗങ്ങള്‍ പ്രസംഗം ബഹിഷ്‌ക്കരിച്ചു. ഇന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടക്കുന്നുണ്ട്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് നെതന്യാഹുവിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. യു.എസ് കോണ്‍ഗ്രസിലെ പ്രസംഗത്തിനു മുന്നോടിയായി കാപിറ്റോളിനു പുറത്തും ആയിരങ്ങള്‍ ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടി. 200ലേറെ പ്രക്ഷോഭകാരികളെ ഇവിടെനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്ടര്‍ഗേറ്റ് ഹോട്ടലിനു പുറത്തും നൂറുകണക്കിനുപേര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary: Palestinian protesters release maggots, crickets in Watergate Hotel in protest of Israel PM Benjamin Netanyahu's US visit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News