കൂട്ടക്കുരുതിക്കിടെ ക്രിസ്മസ് ആഘോഷങ്ങളില്ല; ദീപാലങ്കാരങ്ങളും ഘോഷയാത്രകളും ഒഴിവാക്കി ഫലസ്തീനിലെ ക്രിസ്ത്യൻ സമൂഹം
ചരിത്രത്തിലാദ്യമായാണ് യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ മെയ്ഞ്ചർ ചത്വരം ക്രിസ്മസ് കാലത്ത് ദീപങ്ങൾകൊണ്ട് അലങ്കരിക്കാതിരിക്കുന്നത്
ഗസ്സ സിറ്റി: ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവച്ച് ഫലസ്തീനിലെ ക്രിസ്ത്യൻ സമൂഹം. യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ ദീപാലങ്കാരങ്ങളോ വർണവിളക്കുകളോ നക്ഷത്രാലങ്കാരങ്ങളോ ഉണ്ടാകില്ല. ജറൂസലമിൽ ഘോഷയാത്രകളും സംഘടിപ്പിക്കില്ലെന്ന് ക്രിസ്ത്യൻ മതനേതാക്കൾ അറിയിച്ചതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരമൊരു ഘട്ടത്തിൽ മുഴുവൻ പൊതു ആഘോഷപരിപാടികളും റദ്ദാക്കുകയാണെന്നാണ് ക്രിസ്ത്യൻ മതനേതാക്കളും നഗരസഭാ അധികൃതരും അറിയിച്ചത്. ക്രിസ്മസിനിടെ 'അനാവശ്യമായ ആഘോഷങ്ങളി'ൽനിന്നു വിട്ടുനിൽക്കാൻ ജറൂസലമിലെ സഭാനേതാക്കളും വൈദികരും ആഹ്വാനം ചെയ്തിട്ടുണ്ട്. ഗലീലിയിലെ കത്തോലിക്കാ സഭയും ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ്.
മനുഷ്യർ മരിച്ചുവീഴുമ്പോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് അനുചിതമാണെന്നാണ് മതപുരോഹിതന്മാർ ചൂണ്ടിക്കാട്ടുന്നത്. ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ലോക്കൽ ഇവാഞ്ചലിക്കൽ ചർച്ച് കൗൺസിൽ അധ്യക്ഷൻ മുനീർ കാകിഷ് പ്രതികരിച്ചു. സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കും. ക്രിസ്മസ്ദിനത്തിൽ പരമ്പരാഗതമായ പ്രാർത്ഥനാചടങ്ങുകൾ മാത്രം നടത്തി പിരിയുമെന്നും അദ്ദേഹം അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് ബെത്‌ലഹേമിലെ മെയ്ഞ്ചർ ചത്വരത്തിൽ ഒരു ക്രിസ്മസ് ആഘോഷത്തിന് ദീപങ്ങൾകൊണ്ട് അലങ്കരിക്കാതിരിക്കുന്നത്. യേശുവിന്റെ ജന്മദേശമെന്നതിനൊപ്പം ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമാണ് മെയ്ഞ്ചർ സ്‌ക്വയർ.
വിദേശത്ത് കഴിയുന്ന ഫലസ്തീൻ ക്രിസ്ത്യൻ സമൂഹവും ആഘോഷങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂട്ടക്കൊലയുടെ സമയത്തുള്ള ആഘോഷങ്ങൾ നീചമാണെന്ന് ആസ്‌ട്രേലിയയിൽ കഴിയുന്ന ഫലസ്തീൻ ക്രിസ്ത്യാനിയായ റിയാൻ അൽനാതൂർ പറഞ്ഞു. ഗസ്സയിലുള്ളവരെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം കുറ്റബോധമാണു തോന്നുന്നത്. നിരന്തരം ബോംബാക്രമണത്തിനിരയാകുകയാണ് അവർ. പട്ടിണിയിലാണുള്ളത്. അവരെ തുടച്ചുനീക്കാനായി സ്ഥാപിക്കപ്പെട്ടൊരു കൊളോനിയൻ രാഷ്ട്രം നടത്തുന്ന വംശീയപീഡകൾക്കിരയാകുകയാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തവണ ദീപാലങ്കാരങ്ങളൊന്നുമില്ലെന്ന് കാലിഫോർണിയയിൽ കഴിയുന്ന ഫലരസ്തീനി ക്രിസ്ത്യാനി പറഞ്ഞു. നിരപരാധികൾക്കെതിരെ നടക്കുന്ന ക്രൂരതകളിൽ ഞെട്ടിയിരിക്കുകയാണു തങ്ങളെന്ന് ഫിലാഡൽഫിയയിൽ കഴിയുന്ന ഫലസ്തീൻ എഴുത്തുകാരിയായ സൂസൻ മുഅദ്ദി ദർറാജ് പറഞ്ഞു. കൊല്ലപ്പെട്ടവരോടുള്ള ആദരമായി ആഘോഷങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫലസ്തീനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിനെതിരെ കഫിയ്യ ധരിച്ച ഉണ്ണിയേശുവിന്റെ പ്രതീകാത്മക പുൽക്കൂടൊരുക്കി ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറൻ പള്ളി വാർത്തകളിൽ നിറഞ്ഞിരുന്നു. ലൈറ്റുകളും നക്ഷത്രങ്ങളും തൂക്കാനുള്ള മരത്തിനും പുല്ലിനും വൈക്കോലിനും കുടിലിനും പകരം തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് കഷണങ്ങളും അവയ്ക്കു മുകളിൽ മാലാഖമാരുടെ കുഞ്ഞുപ്രതിമകളുമായിരുന്നു പ്രതീകാത്മക പുൽക്കൂട്ടിൽ ഒരുക്കിയത്. വെള്ള വസ്ത്രത്തിന് പകരം ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കഫിയ്യയായിരുന്നു ഉണ്ണിയേശുവിനെ ഉടുപ്പിച്ചിരുന്നത്. തലയുടെ മുകൾഭാഗത്തായി ഒരു മെഴുകുതിരിയും താഴെ കാലികളുടെ രൂപങ്ങളുമൊരുക്കി. ഇസ്രായേൽ കൂട്ടക്കുരുതിക്കിരയാകുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിയിരുന്നു ക്രൈസ്റ്റ് ലൂഥറൻ ചർച്ചിന്റെ വേറിട്ട 'ക്രിസ്മസ് ആഘോഷം'.
Summary: Palestinians cancel Christmas celebrations amid Israel's attack continues in Gaza