ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഫലസ്തീനികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു
രണ്ട് വര്‍ഷത്തിലധികമായി ഇസ്രായേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നൗറയെ പിരിച്ചുവിട്ടെന്ന വാര്‍ത്ത അല്‍ജസീറ പുറത്തുവിട്ടു
ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. മരണം 2500 കടന്നിരിക്കുന്നു. റഫാ അതിർത്തി തുറക്കുന്നതും കാത്തിരിക്കുകയാണ് നിരവധി പേര്‍.വെടിനിർത്തൽ ഇല്ലെന്ന് ഇസ്രായേലും ഹമാസും അറിയിച്ചു. അതിനിടെ പ്രതികാരമെന്നോണം ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഫലസ്തീനികളെ പിരിച്ചുവിടാനും ഇസ്രായേല്‍ നടപടികള്‍ തുടങ്ങി.
രണ്ട് വര്‍ഷത്തിലധികമായി ഇസ്രായേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നൗറയെ പിരിച്ചുവിട്ടെന്ന വാര്‍ത്ത അല്‍ജസീറ പുറത്തുവിട്ടു. ശനിയാഴ്ച രാവിലെ പതിവു പോലെ ജോലിക്കെത്തിയതായിരുന്നു നൗറ. മാനേജരുടെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജോലിക്ക് വരണ്ടെന്നായിരുന്നു മാനേജരുടെ പ്രതികരണം. തനിക്ക് വിശ്വസിക്കാനായില്ലെന്നും വളരെയധികം അപമാനം തോന്നിയെന്നും നൗറ പറയുന്നു. ഇസ്രായേലിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവിടെ താമസിക്കുന്ന ഫലസ്തീനികള്‍. സുഹൃത്തുക്കള്‍ ശത്രുക്കളായി മാറിയത് തിരിച്ചറിയാന്‍ തുടങ്ങിയെന്നും വിവേചനം അനുഭവപ്പെട്ടുവെന്നും നൗറ പറഞ്ഞു.
ഹമാസ് ആക്രമണത്തെ പിന്തുണച്ചുവെന്നും സ്ഥാപനത്തിന്‍റെ അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നൗറയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നാണ് ആശുപത്രി മാനേജ്മെന്‍റിന്‍റെ വിശദീകരണം. തുടര്‍ന്ന് ഹിയറിംഗിനായി വിളിപ്പിച്ചപ്പോള്‍ ആരും തന്‍റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നൗറ പറയുന്നു. അതാണ് തനിക്ക് കൂടുതല്‍ അപമാനമുണ്ടാക്കിയതെന്നും നൗറ കൂട്ടിച്ചേര്‍ത്തു.ആരോപണത്തില്‍ പറയുന്നതുപോലെ താന്‍ ഹമാസിനെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നാണ് നൗറ പറയുന്നത്.
നൗറയെപ്പോലെ നിരവധി ഫലസ്തീനികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇസ്രായേലിലെ അഭിഭാഷകർക്കും മനുഷ്യാവകാശ സംഘടനകൾക്കും തൊഴിലാളികളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഡസൻ കണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ, സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ സഹപ്രവർത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരിൽ സ്കൂളുകൾ, സർവകലാശാലകൾ, ജോലിസ്ഥലങ്ങൾ എന്നിവയിൽ നിന്ന് പെട്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. നാലഞ്ചു വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ജോലി നഷ്ടമായെന്ന് ഇസ്രായേലിലെ അറബ് ന്യൂനപക്ഷ അവകാശങ്ങൾക്കായുള്ള ലീഗൽ സെന്റർ അദാലയുടെ ഡയറക്ടർ ഹസൻ ജബറീൻ പറഞ്ഞു.