ചരിത്രമായി ഫലസ്തീൻ പണിമുടക്ക്: പങ്കെടുത്തത് ലക്ഷങ്ങൾ
രണ്ടാം ഇന്‍ത്തിഫാദക്ക് ശേഷം ഫലസ്തീനിലെ ഏല്ലാ മത, രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് സമരം നയിക്കുന്നത് ഇതാദ്യമാണെന്ന് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ അധിനിവേശത്തിനും അതിക്രമത്തിനും എതിരെ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ച് ഫലസ്തീന്‍ ജനത. ഫലസ്തീനിലെ വിവിധ കക്ഷികളായ ഹമാസും ഫതഹും സംയുക്തായി പ്രഖ്യാപിച്ച പണിമുടക്കിന് വന്‍ ജനപിന്തുണ ലഭിച്ചപ്പോള്‍, അത് ചരിത്രപരമായ മുന്നേറ്റമായി മാറി.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥാപനങ്ങള്‍ക്ക് പുറമെ ഇസ്രായേലിലും കിഴക്കന്‍ ജറുസലേമിലും മറ്റ് ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശങ്ങളിലും പണിമുടക്ക് പ്രകടമായി. രണ്ടാം ഇന്‍ത്തിഫാദക്ക് ശേഷം ഫലസ്തീനിലെ ഏല്ലാ മത, രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് സമരം നയിക്കുന്നത് ഇതാദ്യമാണെന്ന് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരത്തിന്റെ ഭാഗമായി എല്ലാ വാണിജ്യ, വിദ്യഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പണിമുടക്കി തൊഴിലാളികളും സമരത്തില്‍ അണിചേര്‍ന്നു.
അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംയുക്തമായ ഒരു സമരം ഫലസ്തീനില്‍ നടക്കുന്നതെന്ന് അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനകത്ത് താമസിക്കുന്ന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന രണ്ട് ദശലക്ഷം ഫലസ്തീനികളും സമരത്തിന് പിന്തുണയര്‍പ്പിച്ച് പണിമുടക്കില്‍ പങ്കെടുത്തു.
മെയ് പത്ത് മുതല്‍ ഗസ്സയില്‍ ആരംഭിച്ച ഇസ്രായേല്‍ അക്രമത്തില്‍ 212 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 61 പേര്‍ കുട്ടികളാണ്. ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നടത്തിയ അക്രമണത്തില്‍ ഇരുപതിലേറെ ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിനെതിരായ തിരിച്ചടിയില്‍ രണ്ട് കുട്ടികളുള്‍പ്പടെ പത്ത് പേരും കൊല്ലപ്പെട്ടു.
ചിത്രങ്ങള്‍: അല്‍ ജസീറ