തത്തയുടെ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരിക്ക്; ഉടമക്ക് 74 ലക്ഷം രൂപ പിഴയും രണ്ടുമാസം തടവും
വീഴ്ചയില്‍ ഇടുപ്പെല്ലിന് പൊട്ടലും സ്ഥാനഭ്രംശമുണ്ടായെന്നും പരാതിയിൽ പറയുന്നു
തായ്പെയ് സിറ്റി: വളർത്തു തത്തയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന പരാതിയുടമായി തായ്‍വാനിലെ ഡോക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ തത്തയുടെ ഉടമക്ക് 91,350 ഡോളർ (74 ലക്ഷം രൂപ) പിഴയും രണ്ട് മാസത്തെ തടവും വിധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. തത്തയുടെ വർഗത്തിൽപ്പെട്ട സപ്തവർണക്കിളിയായ മക്കൗയുടെ ആക്രമണത്തിലാണ് ഡോക്ടർ ലിൻ എന്നയാള്‍ക്ക് പരിക്കേറ്റത്. തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ള പക്ഷിയാണ് മക്കൗ.
പരാതിക്കാരനായ ഡോക്ടറുടെ പിറകിൽ പക്ഷി പെട്ടന്ന് പറന്നുവന്നിരിക്കുകയായിരുന്നു. പെട്ടന്നുള്ള ഈ നീക്കത്തിൽ താൻ പേടിച്ചുതാഴെ വീണെന്നും ഇടുപ്പെല്ലിന് പൊട്ടലും സ്ഥാനഭ്രംശമുണ്ടായെന്നും പരാതിയിൽ പറയുന്നതായി തായ്‍വാനിലെ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഡോക്ടർ നടക്കാനിറങ്ങുന്ന സ്ഥലത്തേക്ക് തത്തയുമായി ഉടമ ഹുവാങ് എത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ് ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞെന്നും മൂന്ന് മാസത്തെ പ്രത്യേക പരിചരണവും ആവശ്യമായി വന്നു. ആറ് മാസത്തോളം ജോലി ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരത്തിനായി ഡോ. ലിൻ സിവിൽ ക്ലെയിമും ഫയൽ ചെയ്തു.
പരിക്ക് ഭേദമായിട്ടുണ്ടെങ്കിലും ദീർഘനേരം നിൽക്കാൻ പ്രയാസമാണെന്ന് ഡോക്ടറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഡോ.ലിൻ പ്ലാസ്റ്റിക് സർജനാണ്. അതുകൊണ്ട് ശസ്ത്രക്രിയയടക്കമുള്ള ചികിത്സ ചെയ്യാൻ മണിക്കൂറുകളോളം നിൽക്കേണ്ടതുണ്ട്.പരിക്കേറ്റതിനാൽ ജോലി മുടങ്ങുകയും ഇതുവഴിയും കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായി അഭിഭാഷകൻ പറഞ്ഞു,
അതേസമയം, അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും അടുത്തകാലത്തൊന്നും ഇത്തരമൊരു വിചിത്രമായ കേസ് കണ്ടിട്ടില്ലെന്നും കോടതിയും നിരീക്ഷിച്ചു. ഹുവാങ്ങിന്റെ അശ്രദ്ധയാണ് ഡോ ലിനിന്റെ വീഴ്ചയിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. 60 സെന്റീമീറ്റർ ചിറകുള്ള 40 സെന്റീമീറ്റർ ഉയരമുള്ള പക്ഷിയെ കൊണ്ടുനടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടികൾ ഉടമ സ്വീകരിക്കേണ്ടതായിരുന്നെന്നും ജഡ്ജി പ്രസ്താവിച്ചു.
കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ കോടതിവിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഹുവാങ് പറഞ്ഞു. മക്കാവുകൾ അക്രമാസക്തമായ പക്ഷികളല്ലെന്നും തനിക്ക് ചുമത്തിയ പിഴ വളരെ ഉയർന്നതാണെന്നും ഹുവാങ് പറഞ്ഞു.