‘അല്ലാഹ്, എന്റെ മാതാവിനോട് കരുണ കാണിക്കണമേ...’; മാതൃദിനത്തിൽ ഫലസ്തീനിലെ അമ്മമാരെ ഓർത്ത് പൗലോ കൊയ്ലോ
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട് ചേർത്ത് വിതുമ്പുന്ന മാതാവിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ അന്ത്യമില്ലാതെ തുടരുകയാണ്. കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും ഫലസ്തീനിൽ നിന്ന് വരുന്നത്. ലോകമെമ്പാടുമുള്ള ജനത ഈ ക്രൂരതകൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതെല്ലാം ചെന്ന് പതിക്കുന്നത് ബധിരകർണങ്ങളിലാണ്.
ഫലസ്തീൻ ജനതക്കും അവിടത്തെ അമ്മമാർക്കും ഐക്യദാർഢ്യം അർപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ് ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോ. ലോക മാതൃദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഐക്യദാർഢ്യ പോസ്റ്റ്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട് ചേർത്ത് വിതുമ്പുന്ന മാതാവിന്റെ ചിത്രമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘അല്ലാഹ്! ഞാൻ ജനിച്ചപ്പോൾ അവൾ എന്നോട് കരുണ കാണിച്ചതുപോലെ എൻ്റെ മാതാവിനോട് കരുണ കാണിക്കണമേ. അല്ലാഹ്! എന്നെ സന്തോഷിപ്പിക്കാനും ചുറ്റുമുള്ള തിന്മകളിൽ നിന്ന് എന്നെ സംരക്ഷിക്കാനും ശ്രമിച്ചതുപോലെ എൻ്റെ മാതാവിനെ സന്തോഷിപ്പിക്കുക. അല്ലാഹ്! എൻ്റെ മാതാവിൽ നിന്ന് അവളുടെ ചെറുതും വലുതുമായ കർമ്മങ്ങൾ സ്വീകരിക്കുക. അല്ലാഹ്! ഭയമില്ലാത്തവരുടെയും സങ്കടമില്ലാത്തവരുടെയും ഇടയിൽ എൻ്റെ മതാവിനെ ചേർക്കുക.സ്വർഗത്തിൽ ഏറ്റവും ഉന്നത സ്ഥലത്ത് ഞങ്ങളെ സ്വീകരിക്കണമേ.’ -എന്ന പ്രാർഥനയും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു. മാതാവ്, സമാധാനം, ഫലസ്തീൻ എന്നീ ഹാഷ് ടാഗുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പോസ്റ്റിന് താഴെ നിരവധി പേർ പൗലോ കൊയ്ലേക്ക് പിന്തുണയുമായി രംഗത്തുവന്നു. ഫലസ്തീനിലെ അമ്മമാരെ ഓർക്കുന്നതിന് നന്ദിയെന്ന് ഒരാൾ കമന്റ് ചെയ്തു. അവർക്ക് നിങ്ങളുടെ പ്രാർഥനകൾ ആവശ്യമാണെന്നും പലരും കുറിച്ചു. വംശഹത്യക്കെതിരായ വാക്കുകൾക്ക് പലരും നന്ദി അറിയിക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ നരനായാട്ടിൽ ഗസ്സയിൽ ഏറ്റവുമധികം കൊല്ലപ്പെട്ടത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. പതിനായിരത്തിലേറെ സ്ത്രീകൾ കൊല്ലപ്പെടുകയും 19,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചിരുന്നു. ഓരോ ദിവസവും 37 കുഞ്ഞുങ്ങൾക്കാണ് ഗസ്സയിൽ അമ്മമാരെ നഷ്ടപ്പെടുന്നത്. ഗസ്സയിലെ യുദ്ധം സ്ത്രീകൾക്കെതിരായ യുദ്ധമായി തുടരുകയാണെന്നും ഏജൻസി വ്യക്തമാക്കുന്നു.
ഭയാനകരമായ സാഹചര്യങ്ങളാണ് എവിടെയും. ഗർഭിണികളോ മുലയൂട്ടുന്നവരോ ആയ 155,000-ലധികം സ്ത്രീകൾ വെള്ളവും മറ്റു അവശ്യവസ്തുക്കളുമില്ലാതെ ദുരിതത്തിലാണെന്നും ഏജൻസി അറിയിച്ചു. യുദ്ധം കാരണം കുടിയിറക്കപ്പെട്ട കുടുംബങ്ങൾ തമ്പുകളിലാണ് കഴിയുന്നത്. പലർക്കും ഭർത്താക്കൻമാരെയും മാതാപിതാക്കളെയും മക്കളെയും മറ്റു ഉറ്റവരെയും നഷ്ടപ്പെട്ടു.
ഗ്യാസ്‍ ലഭ്യമല്ലാത്തതിനാൽ മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഇവർ പാചകം ചെയ്യുന്നത്. പ്ലാസ്റ്റിക്, നൈലോൺ, കാർഡ്ബോർഡ് തുടങ്ങിയ വസ്തുക്കൾ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണം സ്ത്രീകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഗസ്സയിൽ സ്ത്രീകളടക്കം നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത്. ലോക മാതൃദിനത്തിൽ നെതർലാൻഡ്സിലെ റോട്ടർഡാമിൽ ഫലസ്തീൻ അമ്മമാർക്ക് ഐക്യദാർഢ്യവുമായി മാർച്ച് നടന്നു. അമ്മമാരും കുഞ്ഞുങ്ങളുമാണ് മാർച്ചിൽ അണിനിരന്നത്. ‘വംശഹത്യയ്‌ക്കെതിരെ അമ്മമാർ’ എന്ന കൂട്ടായ്മക്ക് കീഴിൽ ബിന്നൻറോട്ടെ സ്ക്വയറിലെ അമ്മയുടെയും കുഞ്ഞിൻ്റെയും പ്രതിമ വരെയായിരുന്നു മാർച്ച്. ചിലർ രക്തംപുരണ്ട വസ്ത്രമണിഞ്ഞ കുഞ്ഞുപാവകളെയും കൈകളിലേന്തിയിരുന്നു.
‘എല്ലാ ദിവസവും, ഓരോ മണിക്കൂറിലും കുറഞ്ഞത് രണ്ട് അമ്മമാരെങ്കിലും അവിടെ മരിക്കുന്നു. കുട്ടികൾ മരിക്കുകയും അനാഥരാകുകയും ചെയ്യുന്നു. അവർക്ക് അവരുടെ വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെ അമ്മമാർ കൈകളിൽ പിടിച്ചുനിൽക്കുമ്പോൾ നമുക്ക് ഇവിടെ എങ്ങനെ മാതൃദിനം ആഘോഷിക്കാനാകും’- പ്രതിഷേധക്കാർ ചോദിക്കുന്നു.