യു.എസ് സൈനികതാവള ആക്രമണം; തിരിച്ചടിക്കാൻ അനുമതി കാത്ത് പെന്റഗണ്‍
ഗസ്സയിലെ ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചയെ ആക്രമണം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്.
വാഷിങ്ടണ്‍: വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകാൻ യു.എസ് പ്രസിഡന്റിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് പെൻറഗൺ. ഗസ്സയിലെ ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചയെ ആക്രമണം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും 35 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പെൻറഗൺ നേതൃത്വം അറിയിച്ചു. ഇറാൻ പിന്തുണയുള്ള സൈനിക വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിൽ അമേരിക്ക ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ആരോപണം തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്കിറക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിതനീക്കം കാണാതെ പോകരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗസ്സയിലെ ബന്ദിമോചനവുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും സൈനികരുടെ കൊല പ്രതികൂലമായി ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പ്രതികരിച്ചു. വെടിനിർത്തലിന് പകരമായി ബന്ദികളുടെ മോചനവും ഫലസ്തീൻ തടവുകാരുടെ കൈമാറ്റവും ഉറപ്പാക്കുന്ന ചർച്ച വിജയം കാണുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
അതേസമയം, ഹമാസ് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് പ്രവചിക്കാനില്ലെന്നും മധ്യസ്ഥ രാജ്യത്തിന്റെ റോൾ മാത്രമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ ജൂതകുടിയേറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെടുന്ന സമ്മേളനം ഇസ്രായേലിൽ ചേർന്നത് ബന്ദിമോചന ചർച്ചക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. സമ്മേളനത്തിൽ 12 ഇസ്രായേൽ മന്ത്രിമാരാണ് പങ്കെടുത്തത്. മന്ത്രിമാരുടെ നീക്കം നിരുത്തരവാദപരമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമായി തുടരുകയാണ്. ഖാൻ യൂനുസിൽ നടത്തിയ ആക്രമണങ്ങളിലൂടെ രണ്ടായിരം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സൈനികവക്താവ് അവകാശപ്പെട്ടു. ഗസ്സയിൽ നിന്ന് തെൽ അവീവിനു നേർക്ക് അൽഖസ്സാം ബ്രിഗേഡ് ഇന്നലെയും 15 റോക്കറ്റുകളയച്ചു. അതിനിടെ, ചെങ്കടൽ വഴിയുള്ള ചരക്കുകടത്ത് സുരക്ഷിതമാക്കാൻ യു.എസും യു.കെയും നേതൃത്വം നൽകുന്ന സംയുക്ത സേന നടപടികൾ സജീവമാക്കുന്നതിനിടെ അമേരിക്കൻ യുദ്ധക്കപ്പൽ ആക്രമിച്ചെന്ന അവകാശവാദവുമായി ഹൂതികൾ രംഗത്തെത്തി. യു.എസ്.എസ് ലെവിസ് ബി. പുള്ളറിനുനേരെ ആക്രമണം നടത്തിയെന്നാണ് ഹൂതികൾ അറിയിച്ചത്. ഇക്കാര്യത്തിൽ അമേരിക്കയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.