സാന്താക്ലോസിന്റെ വേഷത്തിലെത്തിയത് പൊലീസ്; മയക്കുമരുന്നുമായി രണ്ടുപേരെ പിടികൂടി
നൂറുകണക്കിന് പാക്കറ്റ് കഞ്ചാവും കൊക്കെയ്‌നും പൊലീസ് പിടിച്ചെടുത്തു
സാന്താക്ലോസിന്റെ വേഷത്തിൽ കരോളുമായി പൊലീസ് എത്തിയപ്പോൾ പിടിയിലായത് മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർ. പെറുവിൽ ക്രിസ്മസ് രാവിലായിരുന്നു സംഭവം. പെറുവിയൻ തലസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ വടക്ക് ഹുവാരലിലെ ഒരു വീട്ടിലായിരുന്നു റെയ്ഡ്. രഹസ്യവിവരത്തെ തുടർന്ന് വേഷം മാറിയെത്തിയ പൊലീസ് ഇവിടെ നിന്ന് കൊക്കെയ്‌നും കഞ്ചാവും പിടികൂടിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യ ഓപ്പറേഷന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സാന്താക്ളോസിന്റെ വേഷം ധരിച്ച ഒരാൾ വലിയൊരു ചുറ്റിക കൊണ്ട് ഒരു വീടിന്റെ വാതിൽ തല്ലിപ്പൊളിക്കുന്നതായി വീഡിയോയിൽ കാണാം. പരിസരത്തുള്ളവർ പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാനാണ് സാന്താക്ലോസിന്റെ വേഷം ധരിച്ച് എത്തിയതെന്ന് നാഷണൽ പൊലീസ് ഗ്രീൻ സ്ക്വാഡ്രൺ മേധാവി കേണൽ വാൾട്ടർ പലോമിനോ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന്റെ തന്ത്രം വിജയിച്ചുവെന്നും ക്രിസ്മസ് ദിനത്തിൽ തന്നെ ചെകുത്താന്മാർ പിടിയിലായെന്നും അദ്ദേഹം പ്രതികരിച്ചു. കൊക്കെയ്ൻ പേസ്റ്റ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് വിൽപ്പനക്ക് എത്തിച്ചിരുന്നതാണ് ഇവയൊന്നും പൊലീസ് പറഞ്ഞു. നൂറുകണക്കിന് പാക്കറ്റ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ഒക്‌ടോബർ 31-ന് ഹാലോവീൻ ആഘോഷങ്ങൾക്കിടയിലും വേഷംമാറി പെറുവിലെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അന്ന് മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.