ഇസ്രായേലില്‍ ഡെല്‍റ്റ വകഭേദം പടരുന്നു; ഫൈസറിന്‍റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് പഠനം

രോഗം ഗുരുതരമാകാതെ തടയാന്‍ വാക്സിന് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

Update: 2021-07-06 11:19 GMT
Advertising

ഇസ്രായേലില്‍ ഡെല്‍റ്റ വകഭേദം പടരുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന്‍റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞു. ജൂണ്‍ ആറ് മുതല്‍ ജൂലൈ മൂന്ന് വരെയുള്ള കാലയളവിലെ കണക്കാണിത്.

മെയ് മുതല്‍ ജൂണ്‍ ആദ്യ വാരം വരെ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമായിരുന്നു. ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെയാണ് വാക്സിന്‍റെ ഫലപ്രാപ്തിയില്‍ കുറവ് രേഖപ്പെടുത്തിയത്. അതേസമയം രോഗം ഗുരുതരമാകാതെ തടയാന്‍ വാക്സിന് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ട്.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും വാക്സിന്‍ നല്‍കിയതോടെ ഇസ്രായേല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു. പൊതുസ്ഥലത്ത് മാസ്ക് വേണ്ട എന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ഇസ്രായേല്‍ വരുത്തിയത് കഴിഞ്ഞ മാസമാണ്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചേക്കും. ഇസ്രായേലില്‍ 57 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനോട് ഫൈസര്‍ പ്രതികരിച്ചിട്ടില്ല. വാക്സിന്‍ സ്വീകരിച്ചവരിലെ വൈറസ് വ്യാപനം സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ പ്രായം, വാക്സിന്‍ സ്വീകരിച്ച് എത്ര കാലയളവിനുള്ളിലാണ് രോഗം ബാധിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുന്നത്.

ഡിസംബര്‍ 20നാണ് ഇസ്രായേല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍റെ മൂന്നാംഡോസ് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News