ഫിലിപ്പൈന്‍സില്‍ നാശം വിതച്ച് സൂപ്പര്‍ ടൈഫൂണ്‍ റായ്; 375 മരണം

മണിക്കൂറില്‍ 195 കി.മീ വേഗത്തില്‍ വീശിയടിച്ച സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്‍റെ തെക്ക്-കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്

Update: 2021-12-21 04:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 375 മരണം. മണിക്കൂറില്‍ 195 കി.മീ വേഗത്തില്‍ വീശിയടിച്ച സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്‍റെ തെക്ക്-കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്. കുറഞ്ഞത് 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേരെ കാണാതാവുകയും ചെയ്തതായി ലോക്കല്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

പല മേഖലകളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാല്‍ നഷ്ടത്തിന്‍റെ തോത് വ്യക്തമല്ല. വ്യാപകമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂടുതല്‍ ജീവന്‍ അപഹരിച്ചേക്കാമെന്ന ആശങ്കയുണ്ട്."പല പ്രദേശങ്ങളിലും വൈദ്യുതിയില്ല, ആശയവിനിമയത്തിനുള്ള മാര്‍ഗമില്ല" ഫിലിപ്പീൻസ് റെഡ് ക്രോസ് ചെയർ റിച്ചാർഡ് ഗോർഡൻ ബിബിസിയോട് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബോംബാക്രമണം നടത്തിയതിനെക്കാള്‍ ഭയാനകമാണ് പല പ്രദേശങ്ങളിലെയും അവസ്ഥയെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.


റെഡ് ക്രോസ് എമർജൻസി ടീമുകൾ തീരപ്രദേശങ്ങളിൽ കൂട്ടമരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വീടുകളും ആശുപത്രികളും സ്കൂളുകളും തകര്‍ന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. എല്ലാം നഷ്ടപ്പെട്ട ആളുകൾക്ക് അടിയന്തര സഹായം നൽകിക്കൊണ്ട് സന്നദ്ധപ്രവർത്തകർ രംഗത്തുണ്ട്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ആയിരക്കണക്കിന് സൈനികരെയും കോസ്റ്റ് ഗാർഡിനെയും അഗ്നിശമനസേനയെയും ദുരിത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സൈനിക വിമാനങ്ങളും നാവികസേനാ കപ്പലുകളും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നുണ്ട്.



അതിനിടെ, കൊടുങ്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെ വ്യോമനിരീക്ഷണം നടത്തി.ചുഴലിക്കാറ്റിൽ പ്രദേശം നിലംപൊത്തിയതായി ദിനഗത് ദ്വീപുകളുടെ ഗവർണർ അർലിൻ ബാഗ്-ഓ അറിയിച്ചു. 




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News