ദാനിഷ് സിദ്ദീഖിയെ കൊന്നത് തങ്ങളല്ല; അദ്ദേഹം അനുമതി തേടിയില്ലെന്നും താലിബാൻ

ഞങ്ങളുടെ നാട്ടിലെത്തുമ്പോൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകരെ പലതവണ അറിയിച്ചതാണ്. അവർക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുമെന്ന് വ്യക്തമാക്കിയതാണെന്നും താലിബാന്‍ വക്താവ് സുഹൈൽ ഷാഹീൻ പ്രതികരിച്ചു

Update: 2021-08-13 16:29 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി താലിബാൻ. അഫ്ഗാനിസ്താനിലെ ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ ദാനിഷ് തങ്ങളുമായി ആശയവിനിമയം നടത്തിയില്ലെന്നും തങ്ങളോട് അനുമതി തേടിയില്ലെന്നും താലിബാൻ വക്താവ് പ്രതികരിച്ചു.

ദേശീയ മാധ്യമമായ 'എൻഡിടിവി'ക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷാഹീൻ ദാനിഷിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ പ്രവർത്തിക്കുന്ന താലിബാൻ രാഷ്ട്രീയകാര്യ ഓഫീസിലെ വക്താവാണ് സുഹൈൽ ഷാഹീൻ.

ദാനിഷ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് പറയാനാകില്ല. എന്തുകൊണ്ട് അദ്ദേഹം ഞങ്ങളുമായി സഹകരിച്ചുപ്രവർത്തിച്ചില്ല എന്നാണ് ചോദിക്കാനുള്ളത്. ഞങ്ങളുടെ നാട്ടിലെത്തുമ്പോൾ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകരെ ഞങ്ങൾ പലതവണ അറിയിച്ചതാണ്. അവർക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കിയതാണ്-സുഹൈൽ ഷാഹീൻ പറഞ്ഞു.

ഇതിനു പകരം ദാനിഷ് കാബൂളിലെ സുരക്ഷാ സൈന്യത്തിനൊപ്പം കൂടുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാരാണെന്നോ കാബൂളിലെ സൈന്യമാണെന്നോ കൂട്ടത്തിൽ മാധ്യമപ്രവർത്തകരുണ്ടോ എന്നൊക്കെയുള്ള വ്യത്യാസങ്ങൾ അവരുടെ കാര്യത്തിലുണ്ടായിരുന്നില്ല. പരസ്പരമുള്ള വെടിവയ്പ്പിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ ആരുടെ വെടിയേറ്റാണ് ദാനിഷ് മരിച്ചതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദാനിഷിനെ താലിബാൻ സംഘം പിടികൂടി വെടിവച്ചു കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ചെയ്തതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾ താലിബാൻ വക്താവ് തള്ളിക്കളഞ്ഞു. അംഗഭംഗം വരുത്തിയതായുള്ള ആരോപണങ്ങൾ പലതവണ തങ്ങൾ തള്ളിക്കളഞ്ഞതാണെന്ന് സുഹൈൽ ഷാഹീൻ പ്രതികരിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്താൻ സൈന്യം ചെയ്തതായിരിക്കുമത്. മരിച്ചവരുടെ അംഗഭംഗം വരുത്തുന്നത് മതനിയമങ്ങൾക്ക് വിരുദ്ധമാണെന്നും മാധ്യമപ്രവർത്തകർക്ക് അഫ്ഗാനിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ വരാൻ സ്വാഗതമാണെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News