'ഇസ്രായേലുമായുള്ള ആയുധ ഇടപാടുകൾ അവസാനിപ്പിക്കുക'; മെൽബണിൽ ഫലസ്തീൻ അനുകൂലികളുടെ പ്രക്ഷോഭം
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി
മെൽബൺ: ഫലസ്തീനിലെ വംശഹത്യയെ പിന്തുണക്കുന്ന ആസ്‌ത്രേലിയയുടെ നടപടിക്കെതിരെ മെൽബണിൽ പ്രതിഷേധം. തുറമുഖങ്ങളിലും തെരുവുകളിലും പ്രതിഷേധം നടത്തിയ 14 ഫലസ്തീൻ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. മെൽബണിലെ ബോയിങ് ഫാക്ടറിക്ക് പുറത്തും പാർലമെന്റിന് പുറത്തും നിരവധി പേര്‍ പ്രതിഷേധിച്ചു. ഇസ്രായേലി പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയായ എൽബിറ്റുമായുള്ള സർക്കാറിന്റെ കരാറിനെതിരെയാണ് പാർലമെന്റിന് പുറത്ത് പ്രതിഷേധം നടന്നത്.
ആസ്ട്രേലിയൻ സാമൂഹ്യ പ്രവർത്തക സോമി ഫ്രാങ്കോമിനെയും സഹപ്രവർത്തകരെയും കൊലപ്പെടുത്തിയത് എൽബിറ്റ് ഡ്രോണുകളാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനികളെ കൊല്ലുന്നതും എൽബിറ്റ് ആയുധങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. മെൽബൺ തുറമുഖത്തിന് സമീപമുള്ള ബോയിംഗ് ഫാക്ടറിക്ക് പുറത്തും വലിയ രീതിയിൽ പ്രതിഷേധം നടന്നു. ഫലസ്തീനുമായുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കഫിയ്യകൾ ധരിച്ചാണ് പ്രതിഷേധക്കാർ എത്തിയത്. എൽബിറ്റിന്റെ ബിസിനസ് രക്തമാണെന്നും, ഇസ്രായേലിന്റെ ആയുധങ്ങൾ വാങ്ങുന്നത് നിർത്തുക തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. ആയുധ നിർമ്മാതാക്കളുമായി ഇടപാടുകൾ നടത്തുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.അമേരിക്കൻ ഫ്രണ്ട്‌സ് സർവീസ് കമ്മിറ്റി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ബോയിംഗ് കമ്പനിയാണ് ഇസ്രായേലിന് യുദ്ധവിമാനങ്ങൾ, ഫൈറ്റർ ഹെലികോപ്റ്ററുകൾ, ബോംബുകൾ,മറ്റ് ആയുധങ്ങൾ എന്നിവ നൽകുന്നത്.