യുക്രൈനിൽ വെടിനിർത്താൻ സമയമായിട്ടില്ല: വ്ലാദിമർ പുടിൻ
ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽ പറത്തുകയാണ് റഷ്യ
യുക്രൈനിൽ വെടിനിർത്താൻ സമയമായിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. യുക്രൈൻ നഗരങ്ങളിൽ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതിനിടെ റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കും.
യുക്രൈനിലെ റഷ്യൻ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽ പറത്തുകയാണ് റഷ്യ. വെടിനിർത്തലിന് സമയം ആയിട്ടില്ലെന്നും സൈന്യത്തെ പിൻവലിക്കില്ലെന്നും ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. വിവിധ യുക്രൈൻ നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസവും റഷ്യ നടത്തിയത്. ദക്ഷിണ യുക്രൈൻ നഗരമായ മൈക്കാലെയ്‌വിൽ പ്രാദേശിക ഭരണ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു.
അതിനിടെ ആഴ്ചകളായി ആക്രമണം തുടർന്ന മരിയുപോളിൽ ജനങ്ങളെ ഒഴിപ്പിക്കാനായി റഷ്യ ഒരു ദിവസത്തെ പ്രാദേശിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരവധി ബസുകളാണ് ഇതിനായി യുക്രൈൻ സർക്കാർ ഏർപ്പെടുത്തിയത്. ആക്രമണം നിർത്തിവെച്ചതായി റഷ്യ പ്രഖ്യാപിച്ച ചെർണിഹിവിലും ഷെല്ലാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. ചെർണോബിൽ ആണവനിലയത്തിൽ നിന്ന് റഷ്യൻ സൈനികർ ഒഴിഞ്ഞുപോയതായി യുക്രൈൻ അറിയിച്ചു. സൈന്യം ബെലറൂസ് അതിർത്തിയിലേക്ക് നീങ്ങിയതായാണ് സൂചന.
യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വീഡിയോ കോൺഫറൻസ് മുഖേനയായിരിക്കും ചർച്ചയെന്ന് യുക്രൈൻ പ്രതിനിധി സംഘം തലവൻ ഡേവിഡ് അരോഖാമിയ അറിയിച്ചു. പുടിനും സെലൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചക്കുള്ള നീക്കവും പുരോഗമിക്കുകയാണ്. അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ വില റൂബിളിൽ നൽകണമെന്ന ആവശ്യത്തിൽ പുടിൻ ഉറച്ചുനിൽക്കുകയാണ് ..ഇതിനായി എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ഏതെങ്കിലും റഷ്യൻ ബാങ്കിൽ അകൗണ്ട് തുടങ്ങി പണം റൂബിളിലേക്ക് മാറ്റണമെന്നാണ് പുടിന്റെ നിർദേശം.