റഷ്യയിലും അയൽരാഷ്ട്രങ്ങളിലും അഫ്ഗാനികൾ വേണ്ട; അവരെ പാശ്ചാത്യർ കൊണ്ടുപോകട്ടെ: പുടിൻ

അഫ്ഗാൻ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിൽ തൽക്കാലത്തേക്ക് പാർപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾക്കെതിരെ പുടിൻ

Update: 2021-08-23 10:42 GMT
Editor : André | By : Web Desk
Advertising

അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ ഏറ്റെടുത്തിനു പിന്നാലെ, രാജ്യം വിടുന്ന അഭയാർത്ഥികളെ തൽക്കാലത്തേക്ക് അയൽരാഷ്ട്രങ്ങളിൽ പാർപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യൻ പ്രസിഡണ്ട് വ്‌ളാദ്മിർ പുടിൻ. അഭയാർത്ഥികളെന്ന വ്യാജേന റഷ്യയിലും അയൽരാഷ്ട്രങ്ങളിലും തീവ്രവാദികൾ കയറിക്കൂടുന്നത് കാണാനാഗ്രഹിക്കുന്നില്ലെന്നും അഭയാർത്ഥികളെ പാശ്ചാത്യ രാജ്യങ്ങൾ കൊണ്ടുപോവുകയാണ് ചെയ്യേണ്ടതെന്നും പുടിൻ പറഞ്ഞു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വിസ നടപടികൾ പൂർത്തിയാകുന്നതുവരെ അഭയാർത്ഥികളെ പാർപ്പിക്കുന്നതു സംബന്ധിച്ച് അമേരിക്ക വിവിധ മധ്യേഷ്യൻ രാജ്യങ്ങളുമായി ചർച്ചയാരംഭിച്ചിട്ടുണ്ട്.

'വിസ നടപടികൾ പൂർത്തിയാകാതെ അഭയാർത്ഥികളെ കൊണ്ടുപോകാനാവില്ലെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത്. അതിനർത്ഥം വിസയില്ലാതെ അവരെ ഞങ്ങളുടെ അയൽപക്കത്തുള്ള ഈ രാജ്യങ്ങളിൽ പാർപ്പിക്കാമെന്നാണോ? എന്തുകൊണ്ട് പാശ്ചാത്യർക്ക് അവരെ വിസയില്ലാതെ കൊണ്ടുപോയ്ക്കൂടാ?' - പുടിൻ പറഞ്ഞതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ പ്രശ്‌നപരിഹാരത്തിന് അപമാനകരമായ ഇത്തരം സമീപനം എന്തുകൊണ്ടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചോദിച്ചു.

അഫ്ഗാനിൽ അമേരിക്കയ്ക്കു വേണ്ടി ജോലി ചെയ്തതിന്റെ പേരിൽ താലിബാനിൽ നിന്ന് ഭീഷണി നേരിടുന്ന ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്നും മേഖലയിലെ റഷ്യയുടെ സ്വാധീനത്തെ അത് പ്രതികൂലമായി ബാധിക്കരുതെന്നുമാണ് പുടിന്റെ നിലപാട്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളിലെത്തുന്ന അഫ്ഗാനികൾ റഷ്യയിലേക്ക് കടന്നുകയറാൻ സാധ്യതയുണ്ടെന്നും ഇവരിൽ അണ്ടർ കവർ തീവ്രവാദികൾ ഉണ്ടാകാമെന്നും പുടിൻ പറയുന്നു.

നേരത്തെ, അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ റഷ്യ പ്രശംസിച്ചിരുന്നു. താലിബാനികൾ വിവേകമുള്ളവരാണെന്നാണ് റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞത്. അഫ്ഗാനിൽ താലിബാൻ ഭരണംപിടിച്ചത് നല്ല കാര്യമാണെന്ന് മേഖലയുടെ സുരക്ഷയ്ക്ക് നല്ലതാണെന്ന് പുടിന്റെ അഫ്ഗാനിസ്താനിലെ പ്രതിനിധി സമിർ കബുലോവ് അഭിപ്രായപ്പെടുകയും ചെയ്തു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News