പുടിന്‍ കോണിപ്പടിയില്‍ നിന്നും വീണു; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

പുടിന്‍റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

Update: 2022-12-05 04:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കോണിപ്പടിയില്‍നിന്ന് വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായി പുടിന്‍റെ സുരക്ഷാ ടീമുമായി വ്യക്തമായ ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പുടിന്‍റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെ 70കാരനായ പുടിന്‍ നടുവ് കുത്തി വീഴുകയായിരുന്നു. വീണ ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും അതിന്‍റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്‍റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം ക്യൂബൻ പ്രതിനിധി മിഗ്വൽ ഡയസ്-കാനലുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിന്‍റെ കൈകൾ ഇളകുകയും പർപ്പിൾ നിറമാകുകയും ചെയ്തുവെന്ന് യുകെ ആസ്ഥാനമായുള്ള എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കാലുകള്‍ ചലിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുടിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രചരിക്കുന്ന ഉഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ സംഭവങ്ങള്‍. പുടിന് രക്താര്‍ബുദം ബാധിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇതാദ്യമായല്ല പുടിൻ രോഗബാധിതനാണെന്ന വാർത്തകൾ പുറത്തുവരുന്നത്.2014ല്‍ പുടിന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വക്താവ് യു.എസ് മാധ്യമങ്ങളെ പരിഹസിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News