ഹനിയ്യയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പിതാവും; സാക്ഷിയാകാന്‍ വിദേശ പ്രമുഖരും

ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ആണ് ദോഹയില്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്

Update: 2024-08-02 15:59 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ അന്ത്യയാത്രയ്ക്കു സാക്ഷിയാകാന്‍ ആയിരങ്ങളാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഒഴുകിയെത്തിയത്. ദോഹയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ഉള്‍പ്പെടെ ലോകനേതാക്കളും പ്രമുഖരും സംബന്ധിച്ചു. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും നടന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യയുടെ മൃതദേഹം വൈകീട്ടോടെ ഖത്തറിലെത്തിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ഓടെ ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞായിരുന്നു ജനാസ പള്ളിയിലെത്തിച്ചത്. ഫലസ്തീന്‍ വിമോചന പോരാട്ട നായകനെ യാത്രയാക്കാനായി ആയിരക്കണക്കിനു പേര്‍ ഇവിടെ എത്തിയിരുന്നു. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ നമസ്‌കാരത്തിനു നേതൃത്വം നല്‍കി. വൈകീട്ട് മൂന്നോടെ ഖത്തറിലെ ലുസൈലില്‍ മയ്യിത്ത് ഖബറടക്കി.

ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീറും പിതാവും

ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീല്‍ചെയറിലാണ് ശൈഖ് ഹമദ് ചടങ്ങിനെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി, ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫ്, തുര്‍ക്കി വൈസ് പ്രസിഡന്റ് സിവ്‌ദെത് യില്‍മാസ്, വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഇന്തോനേഷ്യ മുന്‍ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങി പ്രമുഖരും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.

ദോഹയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍നിന്ന്

ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ആഗോള ഇസ്‌ലാമിക പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. അലി അല്‍ ഖറദാഗി, മലേഷ്യന്‍ സെനറ്റര്‍ മുജാഹിദ് യൂസുഫ് റവ, ഹമാസ് നേതാക്കളായ മൂസ അബൂ മര്‍സൂക്, ഇസ്‌ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍നഖാല എന്നിവരും അന്ത്യചടങ്ങുകളില്‍ സംബന്ധിക്കാനെത്തിയിരുന്നു.

ദോഹയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍നിന്ന്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹനിയ്യയുടെ മരണത്തില്‍ അനുശോചന-പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. തുര്‍ക്കിയും മൊറോക്കോയും പാകിസ്താനും ഇന്ന് ദേശീയ ദുഃഖാചരണം നടത്തി. തുടക്കിയില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ദേശീയപതാക താഴ്ത്തിക്കെട്ടി. പാകിസ്താനില്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങ് നടന്നു. ഇസ്താംബൂളിലെ ഹാഗിയ സോഫിയ, ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇസ്തിഖ്‌ലാല്‍ മസ്ജിദ്, യമന്‍ തലസ്ഥാനമായ സന്‍ആ, ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്ത്, ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് എന്നിവിടങ്ങളിലെല്ലാം മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

പാകിസ്താനിലെ ഇസ്‍ലാമാബാദില്‍ ഹനിയ്യയുടെ മയ്യിത്ത് നമസ്കാരത്തിനായി ഒരുമിച്ചുകൂടിയവര്‍

ജൂലൈ 31നു പുലര്‍ച്ചെയാണ് തെഹ്‌റാനിലെ ഗസ്റ്റ് ഹൗസിനുനേരെ നടന്ന ആക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെടുന്നത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തെഹ്‌റാനിലെത്തിയതായിരുന്നു അദ്ദേഹം. ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ സുപ്രധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു ലോകത്തെ ഞെട്ടിപ്പിച്ച സംഭവം. പത്തു മാസത്തോളമായി ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനായുള്ള സമാധാന ചര്‍ച്ചകളില്‍ മുഖ്യപങ്കു വഹിച്ചയാള്‍ കൂടിയായിരുന്നു ഹനിയ്യ.

Summary: Dignitaries including Qatar Amir Sheikh Tamim bin Hamad Al Thani and his father Amir Sheikh Hamad Bin Khalifa Al Thani attended Hamas leader Ismail Haniyeh's funeral prayers.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News