റഫ അതിർത്തി വീണ്ടും തുറന്നു; അവശ്യ സാധനങ്ങളുമായി 17 ട്രക്കുകള്‍ കൂടി ഗസ്സയിലേക്ക്

കഴിഞ്ഞ ദിവസം 20 ട്രക്കുകള്‍ റഫ അതിർത്തിയിലൂടെ കടത്തിവിട്ടിരുന്നു

Update: 2023-10-22 17:34 GMT
Advertising

ഗസ്സ: റഫ അതിർത്തി വീണ്ടും തുറന്നു. മരുന്നുള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുമായി 17 ട്രക്കുകള്‍ കൂടി ഗസ്സയിൽ എത്തി. കഴിഞ്ഞ ദിവസം 20 ട്രക്കുകള്‍ റഫ അതിർത്തിയിലൂടെ കടത്തിവിട്ടിരുന്നു.

എന്നാൽ ഇതുവരെയും ഗസ്സയിലേക്ക് ഇന്ധനം കടത്തിവിട്ടിട്ടില്ല. ഇന്ധനം ലഭിച്ചില്ലെങ്കിൽ കിഡ്‌നി തകരാർ മൂലം ആശുപത്രികളിലുള്ള 1100 പേരുടെ ജീവൻ അപകടത്തിലാകുമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ബന്ദികളുടെ മോചനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് തെനന്യാഹുവിന്‍ററെ വസതിക്കു മുന്നിൽ പ്രതിഷേധം നടക്കുകയാണ്. നയതന്ത്ര ചർച്ചയെ പിന്തുണക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി ബ്ലുംബെർഗ് അറിയിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലുംബെർഗ് പറഞ്ഞു. 

പടിഞ്ഞാറൻ ഇറാഖിൽ സൈനിക ക്യാമ്പിന് നേരെ ഇന്നലെ ആക്രമണം നടന്നതായി പെൻറഗൺ സ്ഥിരീകരിച്ചു.എന്നാൽ ആളപായം സംഭവിച്ചതായ വാർത്തകൾ ശരിയല്ലെന്നും പെൻറഗൺ അറിയിച്ചു.

അതേ സമയം ഗസ്സക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തിൽ ഫലസ്തീനി മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ വെസ്റ്റ് ബാങ്കിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇന്ന് മാത്രം 56 ആളുകളാണ് കൊല്ലപ്പെട്ടത്. സംഘർഷം തുടങ്ങിയത് മുതൽ 31 പള്ളികള്‍ ഗസ്സയിൽ തകർക്കപ്പെട്ടു.

പുറത്ത് വരുന്ന സി.എൻ.എൻ റിപ്പോർട്ട് അനുസരിച്ച് കരയുദ്ധം വൈകിപ്പിക്കാൻ അമേരിക്ക ഇടപെട്ടിട്ടുണ്ട്. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ നടക്കുന്നതിനാലാണ് കരയുദ്ധം വൈകുന്നത്.

ഗസ്സാ യുദ്ധം ഇസ്രായേലിന്‍റെ ജീവന്മരണ പോരാട്ടമാണെന്ന് സൈനികരോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുല്ല യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

അതേ സമയം നെതിവോദിൽ ഹമാസ്​ റോക്കറ്റ്​ പതിച്ച്​ രണ്ട്​ ഇസ്രായേലികൾക്ക്​ പരിക്കേറ്റിട്ടുണ്ട്. ഗസ്സ അതിർത്തിയിൽ കിസ്സുഫിമിൽ ഫലസ്തീൻ പോരാളികൾ ഇസ്രായേലിന്‍റെ സൈനിക ടാങ്ക് തകർത്തു. നാല് സൈനികർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണപ്പെട്ടവരുടെ എണ്ണം 4741 കടന്നു.

ഹമാസ് നിർമിച്ച ഗസ്സയിലെ ടണലുകൾ കരയുദ്ധം സങ്കീർണമാക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. യുദ്ധം വ്യാപിച്ചാൽ മേഖലയിൽ സൈനികനടപടിക്ക് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ബി.സി ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News